ജയ്പുർ: ഐപിഎല്ലിൻ്റെ ചരിത്രത്തിൽ തന്നെ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ14കാരൻ വൈഭവ് സൂര്യംശി ബൗളിങിലും വിസ്മയിപ്പിക്കുകയാണ്.
നെറ്റ്സിൽ സഹ താരത്തിനു പന്തെറിഞ്ഞു കൊടുത്ത വൈഭവ് സ്റ്റംപ് രണ്ട് കഷണമാക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.
വൈഭവിന്റെ വൈഭവം കണ്ട് സഹ താരങ്ങളും പരിശീലക സംഘത്തിലെ അംഗങ്ങളും ഞെട്ടുന്നതിന്റ ദൃശ്യങ്ങളും വിഡിയോയിൽ കാണാം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനു മുന്നോടിയായാണ് താരം നെറ്റ്സിൽ പന്തെറിഞ്ഞത്.
ഗുജറാത്ത് ടൈറ്റൻസിനെതിരായ പോരാട്ടത്തിലാണ് താരം അതിവേഗ സെഞ്ച്വറിയുമായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. വെറും 38 പന്തിൽ 11 സിക്സും 7 ഫോറും അടക്കം താരം 103 റൺസാണ് അടിച്ചെടുത്തത്.
14 വയസ് മാത്രം പ്രായമുള്ള വൈഭവിന്റെ കാര്യത്തിൽ ടീം മാനേജ്മെന്റ് പ്രത്യേക കരുതലാണ് എടുക്കുന്നതെന്നു രാജസ്ഥാൻ ബൗളിങ് പരിശീലകൻ ഷെയ്ൻ ബോണ്ട് പറഞ്ഞു.
ഒരു സങ്കീർണതയും താരത്തിന്റെ കാര്യത്തിൽ സൃഷ്ടിക്കാൻ പരിശീലക സംഘം ശ്രമിക്കുന്നില്ലെന്നും സ്വതന്ത്രമായി കളിക്കാനാണ് വൈഭവിനോടു പറഞ്ഞിരിക്കുന്നതെന്നും ഷെയ്ൻ ബോണ്ട് പറഞ്ഞു. ഉത്തരവാദിത്വത്തോടെയാണ് അദ്ദേഹം കളിക്കുന്നത്. ഒരു 14കാരനെ സംബന്ധിച്ചു വലിയ കാര്യമാണത്.
വൈഭവ് കൊച്ചു കുട്ടിയാണ്. പക്ഷേ താരത്തെ ആരും ഇവിടെ നിയന്ത്രിക്കുന്നില്ല. സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് ചെയ്യാനാണ് പറഞ്ഞിരിക്കുന്നത്. ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡിന്റെ പ്രത്യേക നിർദ്ദേശങ്ങളും ലഭിക്കുന്നുണ്ട്.
ചെറിയ പ്രായമാണ് ഇപ്പോൾ കാര്യങ്ങൾ മനസിലാക്കി വരുന്നതേയുള്ളു വൈഭവ്. ധാരാളം സമയം അനുവദിച്ച് ക്ഷമയോടെ കാത്തിരിക്കാനാണ് പരിശീലക സംഘത്തിന്റെ തീരുമാനം.
14കാരനു ചെയ്യാൻ സാധിക്കുന്നതിനും അവനിൽ നിന്നു പ്രതീക്ഷിക്കുന്നതിനും പരിധിയില്ലേയെന്നും ബോണ്ട് ചോദിച്ചു. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ പരിശീലനമുണ്ട്. കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനും പരിശീലകർ ശ്രമിക്കാറുണ്ട്. ബോണ്ട് വ്യക്തമാക്കി.