രണ്ടാം ദിവസവും മഴ ശക്തമായതോടെ ഇടുക്കിയിൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും നാശനഷ്ടങ്ങളുമുണ്ടായി. മൂന്നാർ – മറയൂർ അന്തർ സംസ്ഥാന പാതയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം മുടങ്ങി. കുമളി- മൂന്നാർ സംസ്ഥാന പാതയിൽ വൻ മരം വീണ് ഗതാഗതം തടസപ്പെട്ടു.(Rain: Heavy damage in Idukki too; Landslides in Anchuruli and Munnar)
മഴക്കെടുതിയെ തുടർന്ന് രാജകുമാരി വില്ലേജിലെ ഏഴു കുടംബങ്ങളെ കതിരാപ്പാറ ഹൈസ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. കഞ്ഞിക്കുഴി പഞ്ചായത്തിൽ പുന്നയാർ ഭാഗത്ത് മണ്ണിടിഞ്ഞുവീണ് വീട് തകർന്നു. മൂന്നാറിൽ ഉൾപ്പെടെ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.
ഇടുക്കി അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിലും മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. പ്രദേശവാസികൾ ഇതോടെ ഒറ്റപ്പെട്ടു.
അടിമാലി 14 ാം മൈലിൽ വെള്ളപ്പൊക്കത്തിൽ വീടുകൾ ഒറ്റപ്പെട്ടു. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ അടിയന്തര യോഗം വിളിച്ചു.