കോഴിക്കോട്: സംസ്ഥാനത്തെ പ്രമുഖ പ്രവേശന പരീക്ഷാ പരിശീലന സ്ഥാപനമായ സൈലത്തിന്റെ വിവിധ ബ്രാഞ്ചുകളിൽ റെയ്ഡ്. Raid on various branches of exam coaching institute Xylum
ആദായനികുതി വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നികുതി വെട്ടിപ്പ് നടന്നെന്ന രഹസ്യ വിവരത്തെ തുടർന്ന് പഴുതടച്ചുള്ള പരിശോധനയാണ് നടന്നത്.
കോടികളുടെ നികുതി വെട്ടിപ്പാണ് നടത്തിയിരിക്കുന്നതെന്നാണ് വിവരം. ചാരിറ്റിയുടെ മറവിലും തട്ടിപ്പ് നടന്നതായി സംശയിക്കുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന പണം നേരിട്ട് നല്‍കാന്‍ പാടില്ല. അക്കൗണ്ട് വഴിയാണ് നല്‍കേണ്ടത്. ഇത്തരത്തില്‍ നല്‍കിയതിലും ക്രമക്കേടുകള്‍ ഉണ്ടെന്നാണ് വിവരം.
വെള്ളിയാഴ്ച രാവിലെ മുതല്‍ കേഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം ബ്രാഞ്ചുകളിലാണ് റെയ്ഡ് നടന്നത്. ഉച്ചയ്ക്ക് ശേഷം എറണാകുളം പാലാരിവട്ടത്തെ ബ്രാഞ്ചിലും പരിശോധന നടന്നു.
ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയതെന്നാണ് വിവരം. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കേരളത്തിലെ വിവിധ ജില്ലകളിലെ ഓഫീസുകളിലാണ് ഒരേ സമയം റെയ്ഡ് നടന്നത്. നീറ്റ്(NEET), കീം(KEAM) അടക്കമുള്ള പ്രവേശന പരീക്ഷകൾക്ക് ആപ്പിലും നേരിട്ടും പരിശീലനം നൽകുന്ന സ്ഥാപനമാണ് സൈലം.
ഡോ. അനന്തു ശശികുമാര്‍ എന്ന ആലപ്പുഴക്കാരന്‍ തുടങ്ങിയതാണ് സൈലം ലേണിംഗ് ആപ്പ്. നാല് വര്‍ഷം കൊണ്ട് വൻ വളർച്ചയാണ് സൈലം കൈവരിച്ചത്. കേരളത്തിലെ 14 ജില്ലകളിലായി 2700 ജീവനക്കാരുള്ള സ്ഥാപനമാണ് ഇത്.
40ല്‍പ്പരം യൂട്യൂബ് ചാനലുകളിലായി 50 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളും കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സെന്ററുകളിലും സ്‌കൂളുകളിലുമായി 30,000ത്തില്‍പ്പരം ഓഫ് ലൈന്‍ വിദ്യാര്‍ത്ഥികളും സൈലത്തിനുണ്ട്.
അടുത്തിടെ ഇന്ത്യയിലെ പ്രമുഖ എഡ് ടെക് കമ്പനിയായ ഫിസിക്സ് വാല സൈലം ലേണിംഗില്‍ 500 കോടി നിക്ഷേപിക്കാന്‍ മുന്നോട്ടുവന്നിരുന്നു. ഇപ്പോള്‍ ഫിസിക്സ് വാലയുടെ കൂട്ടുകെട്ടോടെയാണ് സൈലത്തിൻ്റെ പ്രവർത്തനം.
കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ കൂടുതല്‍ പഠനകേന്ദ്രങ്ങള്‍ തുടങ്ങുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പരിശോധന. എന്നാൽ രഹസ്യവിവരത്തെ തുടർന്നല്ല സാധാരണ പരിശോധന മാത്രമാണ് നടന്നതെന്നാണ് സൈലത്തിൻ്റെ പ്രതികരണം.