അനധികൃതമായി വെബ്സൈറ്റുകളിലൂടെ നിരവധി ചാനലുകൾ പ്രചരിപ്പിച്ച് ലക്ഷങ്ങൾ സമ്പാദിച്ചിരുന്ന രണ്ടുപേരെ കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടി. നിരവധി ചാനലുകൾ ഇവർ ഇവരുടെ വെബ്സൈറ്റ് വഴി ലൈവ് സ്ട്രീം ചെയ്ത് ലക്ഷങ്ങളാണ് മാസം തോറും സമ്പാദിച്ചിരുന്നത്.
സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മാത്രം ബ്രോഡ് കാസ്റ്റിങ് അവകാശമുള്ള ചാനലുകളായ ഏഷ്യാനെറ്റ്, സ്റ്റാർ സ്പോർട്സ്, സോണി ലൈവ് തുടങ്ങി ഒട്ടനവധി ചാനലുകൾ neeplay, mhdtworld എന്നീ വെബ്സൈറ്റുകളിലൂടെയാണ് ഇവർ പ്രചരിപ്പിച്ചിരുന്നത്.
സംഭവത്തിൽ വെബ്സൈറ്റ് അഡ്മിൻ ഷിബിനെ (38) മലപ്പുറം ആനക്കയത്തുനിന്നും എം.എച്ച്.ഡി.ടി വേൾഡ് വെബ്സൈറ്റ് അഡ്മിൻ മുഹമ്മദ് ഷെഫിൻസിനെ (32) പെരുമ്പാവൂർ അറക്കപ്പടിയിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്.
വെബ്സൈറ്റുകളിൽക്കൂടി നിരവധി കാഴ്ചക്കാരെ കിട്ടിയിരുന്ന പ്രതികൾക്ക് അതുവഴി ലക്ഷക്കണക്കിന് രൂപയാണ് മാസവരുമാനം ലഭിച്ചിരുന്നത്.
സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം കൊച്ചി സിറ്റി ഡി.സി.പിയുടെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.ആർ. സന്തോഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്റ്റാർ ഇന്ത്യ ഗ്രൂപ്പിന് കാഴ്ച്ചക്കാർ കുറയുന്നതിനാൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്നു പൊലീസ് പറയുന്നു.