ദില്ലി: ഇന്ത്യാ സഖ്യ രൂപീകരണവുമായി മുന്നോട്ട് പോകുന്ന കോൺഗ്രസിനെതിരെ പുതിയ പ്രചാരണ തന്ത്രവുമായി ബിജെപി. കോൺഗ്രസിന്റെ നട്ടെല്ലായ ഗാന്ധികുടുംബത്തിനെ ലക്ഷ്യമിട്ട് പുതിയ പ്രചാരണ വീഡിയോ ബിജെപി പുറത്തിറക്കി. പാർട്ടി ദേശിയ ഘടകത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ രാഹുലിന്റേയും പ്രിയങ്കയുടേയും ബന്ധത്തെ ചോദ്യം ചെയ്യുന്നു. സഹോദരി-സഹോദൻമാരായ ഇരുവരും തമ്മിൽ ഇപ്പോൾ നല്ല ബന്ധത്തിൽ അല്ലെന്നാണ് വീഡിയോ സമർത്ഥിക്കുന്നത്. നിരവധി വീഡിയോ ദൃശ്യങ്ങൾ തെളിവായി നിരത്തിയിട്ടുണ്ട്. മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി രാഹുൽഗാന്ധിയെ മാത്രം പിന്തുണയ്ക്കുകയാണ്. രാഷ്ട്രിയം രാഹുൽഗാന്ധിയേക്കാൾ നന്നായി സംസാരിക്കുന്ന പ്രിയങ്കഗാന്ധിയെ അധികാരത്തിന്റെ എല്ലാ മേഖലകളിൽ നിന്നും മനപൂർവ്വം അകറ്റി നിറുത്തുകയാണ്. ഇതിൽ പ്രിയങ്കയ്ക്ക് എതിർപ്പുണ്ട്. പൊതുറാലിയിൽ രാഹുൽഗാന്ധിയുടെ കൈ തട്ടി മാറ്റുന്ന പ്രിയങ്കയുടെ വീഡിയോയും ബിജെപി പങ്ക് വച്ചിട്ടുണ്ട്. കൂടാതെ രാഖി ദിനത്തിൽ രാഹുൽഗാന്ധിയുടെ കൈയ്യിൽ രാഖി കെട്ടാൻ പോലും പ്രിയങ്ക തയ്യാറായിട്ടില്ലത്രേ.
കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്ത് നിന്നും രാഹുൽഗാന്ധി ഒഴിവായപ്പോൾ പകരം പ്രിയങ്കഗാന്ധി വരുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. മുത്തശി ഇന്ദിരാഗാന്ധിയുമായി രൂപസാദൃശ്യമുള്ള പ്രിയങ്കയെ അദ്ധ്യക്ഷസ്ഥാനത്ത് കൊണ്ട് വരാൻ ഒരു വിഭാഗം ശ്രമിച്ചു. പക്ഷെ ഗാന്ധി കുടുംബത്തിൽ നിന്നും ആരും പ്രസിഡന്റ് സ്ഥാനത്തേയ്ക്കില്ല എന്നറിയിച്ച് സോണിയാഗാന്ധി ആ വഴിയടച്ചു. നിലവിൽ വീണ്ടും രാഹുലിന് അനുകൂലമായി കാര്യങ്ങൾ മാറുകയാണെന്നും ബിജെപി വീഡിയോയിൽ പറയുന്നു. വീഡിയോക്കെതിരെ കോൺഗ്രസ് രംഗത്ത് എത്തി. അതിരുകൾ ലംഘിക്കുന്നതാണ് ബിജെപി നടപടിയെന്ന് കോൺഗ്രസ് വക്താവ് വിമർശിച്ചു.
എന്ത് കൊണ്ട് രാഹുലിനെ ലക്ഷ്യമിടുന്നു.
2014ലും 2019ലും ബിജെപിയും മോദിയും നേരിട്ട രാഹുൽഗാന്ധിയല്ല ഇപ്പോഴുള്ളത്. ഛോടോ യാത്രയിലൂടെ രാഹുൽഗാന്ധി വിവിധ സമൂഹങ്ങൾക്ക് കൂടുതൽ സ്വീകാര്യനായി മാറിയിരിക്കുന്നു. ബിജെപി കേന്ദ്രീകരിക്കാൻ ശ്രമിക്കുന്ന ഹിന്ദു വോട്ടുകൾപ്പുറത്തുള്ള വോട്ട് ബാങ്ക് രാഹുൽഗാന്ധിയ്ക്ക് പിന്നിൽ അണി നിരക്കുന്നു. മുസ്ലീം, ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങൾ രാഹുൽഗാന്ധിയിൽ പ്രതീക്ഷ വയ്ക്കുന്നു.പപ്പു എന്ന പഴയ ആക്ഷേപ പ്രചാരണം ഇപ്പോൾ ഫലപ്രദമല്ലെന്ന് ബിജെപി തിരഞ്ഞെടുപ്പ് വിദഗദ്ധരും സമ്മതിക്കുന്നു. മണിപ്പൂരിൽ രാഹുൽഗാന്ധി നടത്തിയ സന്ദർശനം വടക്ക് കിഴക്കൻ മേഖലയിലെ മറ്റ് സംസ്ഥാനങ്ങളിലെ വോട്ടർമാരെയും സ്വാധീനിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യ മുന്നണി സീറ്റ് വിഭജനത്തിന് ശേഷമാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിൽ അതും ബിജെപിയ്ക്ക് തിരിച്ചടിയാകും. ഈ പശ്ചാത്തലത്തിൽ കോൺഗ്രസിനുള്ളിൽ ആശയകുഴപ്പം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. രാഹുൽഗാന്ധിയുടേയും ടീമിന്റേയും അപ്രമാദിത്വത്തിൽ ഒതുങ്ങിപോയ മറുവിഭാഗത്തേയാണ് ലക്ഷ്യമിടുന്നത്. രാഹുൽ-പ്രിയങ്ക തർക്കം എന്ന പ്രചരിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഒപ്പം ഉദാഹരണമായി നിരത്തുന്നത് വിവിധ പാർട്ടി കുടുംബങ്ങളിലെ ഭിന്നതയാണ്. ലാലു പ്രസാദ് യാദവിന്റെ മക്കളായ തേജസ്വി യാദവും തേജ് പ്രതാപ് യാദവും തമ്മിലുള്ള തർക്കം , എൻസിപിയിൽ ശരദ്പവറും അനന്തരവനായ അജിത് പവാറും തമ്മുള്ള അസ്വാരസ്യം എന്നിവയാണ് വീഡിയോയിൽ ഉയർത്തി കാട്ടുന്നത്.
ബിജെപി ഐ.ടി സെൽ തലവൻ അമിത് മാളവിയ നേരിട്ടാണ് പുതിയ പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് വരെ വീഡിയോ പരമ്പര പുറത്തിറക്കാനാണ് ബിജെപി ശ്രമം.
താമര ഷർട്ടുമായി പാർലമെന്റ് ജീവനക്കാർ