പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ചലച്ചിത്ര അക്കാദമിയിൽ നിന്ന് തെളിവുകൾ ശേഖരിക്കാൻ പൊലീസ്
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ അന്വേഷണം ശക്തമാക്കി പൊലീസ്.
കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് അയച്ചു. പരാതിക്കാരി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഐഎഫ്എഫ്കെയിൽ (International Film Festival of Kerala) പ്രദർശനത്തിനായി തിരഞ്ഞെടുത്ത സിനിമകളുടെ സ്ക്രീനിംഗ് ഘട്ടത്തിനിടെയാണ് സെലക്ഷൻ കമ്മിറ്റി ജൂറി ചെയർമാനായിരുന്ന കുഞ്ഞുമുഹമ്മദ് മോശമായി പെരുമാറിയതെന്ന് യുവതി പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഈ വിവരം നേരത്തെ തന്നെ ചലച്ചിത്ര അക്കാദമിയെ അറിയിച്ചിരുന്നുവെന്നും പരാതിക്കാരി അറിയിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ, ജൂറി അംഗങ്ങളുടെ വിശദാംശങ്ങൾ, ബന്ധപ്പെട്ട ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ, മറ്റ് രേഖകൾ എന്നിവ അടിയന്തിരമായി കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് അക്കാദമിക്ക് പൊലീസ് നോട്ടീസ് നൽകിയത്.
പരാതി ലഭിച്ച കാര്യം അക്കാദമി ഉപാധ്യക്ഷ കുക്കു പരമേശ്വരൻ സ്ഥിരീകരിച്ചിരുന്നെങ്കിലും, അക്കാദമി ഭാഗത്ത് നിന്ന് കാര്യമായ നടപടികൾ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാകുന്നു.
ഇതിനിടെ, പരാതിക്കാരിയുടെ രഹസ്യമൊഴി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള പ്രാഥമിക തെളിവുകൾ പരിശോധിച്ചപ്പോൾ പരാതിക്ക് കഴമ്പുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
കേസിൽ പ്രതിയായ പി.ടി. കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി നാളെ പരിഗണിക്കും.
English Summary
Police have intensified the investigation against filmmaker and former MLA P.T. Kunjumuhammed in a sexual harassment case. A notice has been issued to the Kerala State Chalachitra Academy seeking details such as jury information and hotel booking records. The complainant alleged misconduct during the screening process for films selected for IFFK. Her confidential statement has been recorded by the magistrate, and police informed the court that CCTV footage supports the complaint. The anticipatory bail plea of Kunjumuhammed will be considered by the Thiruvananthapuram Sessions Court.
pt-kunjumuhammed-sexual-harassment-case-film-academy-notice
PT Kunjumuhammed, sexual harassment case, Kerala Film Academy, IFFK controversy, police investigation, anticipatory bail, Kerala news









