കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ കടുത്ത പ്രതിഷേധവുമായി എസ്എഫ്ഐ. സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെയും പ്രസിഡൻറ് അനുശ്രീയുടെയും നേതൃത്വത്തിലാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.കരിങ്കൊടി ഉയർത്തി ഗസ്റ്റ് ഹൗസിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ബലപ്രയോഗത്തിലൂടെയാണ് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. ഗവർണർക്കെതിരെ കരിങ്കൊടിയും ഗോബാക്ക് വിളികളുമായാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. ഗവർണറെ സർവ്വകലാശാലയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിക്കുകയാണ് എസ്എഫ്ഐ.
ചാൻസലർ ഫാസിസമാണ് നടപ്പാക്കാൻ ശ്രമിക്കുന്നതെങ്കിൽ സർവ്വകലാശാലക്ക് പുറത്ത് നിന്നാൽ മതി എന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു. സെനറ്റിലേക്കുള്ള ലിസ്റ്റ് ചാൻസലർക്ക് എവിടെ നിന്ന് കിട്ടി? എന്താണ് മറ്റു സംഘടനകൾ മിണ്ടാത്തതെന്നും അനുശ്രീ ചോദിച്ചു. സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നതെന്നും പാൻ പരാഗ് മുറുക്കി തുപ്പി നടക്കുന്ന ആർഎസ്എസ്സുകാരനാണ് ഗവർണറെന്ന് ആർഷോ ആരോപിച്ചു. ജീവൻ കൊടുക്കേണ്ടി വന്നാലും ചാൻസലറെ ക്യാമ്പസിൽ പ്രവേശിപ്പിക്കില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കി.
കേരളത്തിലെ ക്യാമ്പസുകളിൽ കാലുകുത്താൻ അനുവദിയ്ക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളിക്ക് പിന്നാലെ മൂന്നു ദിവസം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ താമസിക്കാനായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തുന്നത്.ഈ സാഹചര്യത്തിൽ ഗവർണറുടെ സുരക്ഷ പൊലീസ് ശക്തമാക്കി. ഇന്ന് മുതൽ കൂടുതൽ പൈലറ്റ് വാഹനങ്ങളും പട്രോളിങ് സംഘങ്ങളെയും ഏർപ്പെടുത്താൻ പൊലീസ് തീരുമാനിച്ചിരിക്കുകയാണ്.