ഓടുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമം; പ്രമുഖ നടിക്ക് ഗുരുതര പരിക്ക്
ബോളിവുഡ് നടി കരിഷ്മ ശർമ മുംബൈ ലോക്കൽ ട്രെയിനിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. സുഹൃത്തുക്കൾക്കൊപ്പം ഷൂട്ടിങ് സ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.
സുഹൃത്തുക്കൾ ട്രെയിനിൽ കയറാൻ സാധിച്ചില്ലെന്ന് മനസ്സിലാക്കിയ കരിഷ്മ, തിരിച്ചിറങ്ങാൻ ശ്രമിക്കുമ്പോൾ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടുകയായിരുന്നു.
ചാടുന്നതിനിടെ നടുവിനും തലയ്ക്കും ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.അപകട വിവരം താരം തന്നെയാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ടത്.
“ചർച്ച്ഗേറ്റിലെ ഷൂട്ടിങ് സ്ഥലത്തേക്ക് പോകാൻ സാരിയുടുത്ത് ട്രെയിനിൽ കയറി. കയറിയ ഉടൻ ട്രെയിൻ നീങ്ങാൻ തുടങ്ങി.
കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു
അപ്പോഴാണ് സുഹൃത്തുക്കൾക്ക് ട്രെയിനിൽ കയറാൻ കഴിഞ്ഞിട്ടില്ലെന്ന് മനസ്സിലായത്. പരിഭ്രാന്തയായി ചാടാൻ ശ്രമിച്ചപ്പോൾ നടുവും തലയുമിടിച്ച് വീണു,” എന്ന് കരിഷ്മ സ്റ്റോറിയിലൂടെ അറിയിച്ചു.
ഡോക്ടർമാർ നൽകിയ വിവരങ്ങൾ പ്രകാരം, നടുവിനും തലയിലും നീർവീക്കം കണ്ടെത്തിയിട്ടുണ്ട്. കരിഷ്മയ്ക്ക് എംആർഐ സ്കാനിങ് നടത്തിയിട്ടുണ്ട്, തലയിലെ പരുക്ക് ഗുരുതരമാണോയെന്ന് നിരീക്ഷണത്തിലാണ്.
“വേദന കൂടുതലുണ്ട്, എങ്കിലും ഞാൻ ധൈര്യത്തോടെ ഇരിക്കുന്നു. എന്റെ വേണ്ടി പ്രാർത്ഥിക്കുക,” എന്നാണ് താരം ആരാധകരോട് അഭ്യർത്ഥിച്ചത്.
ആശുപത്രിയിൽ ചികിത്സയിലായിരിക്കുന്ന കരിഷ്മയുടെ ചിത്രങ്ങൾ സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ഇപ്പോൾ അവൾക്ക് കാര്യങ്ങൾ ഓർക്കാൻ പോലും കഴിയുന്നില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു. ബോളിവുഡിലെ സിനിമ-സീരിയൽ രംഗത്ത് കരിഷ്മ ശർമ ശ്രദ്ധേയയായ താരമാണ്.
രാഗിണി എംഎംഎസ് റിട്ടേൺസ്, പ്യാർ കാ പഞ്ച്‌നാമ 2 തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ കരിഷ്മയ്ക്ക് മികച്ച സ്വീകരണം നേടിക്കൊടുത്തവയാണ്.
തവനൂർ സെൻട്രൽ ജയിൽ ഓഫീസർ ആത്മഹത്യ ചെയ്ത നിലയിൽ; മൃതദേഹം കണ്ടെത്തിയത് ജയിലിന് സമീപമുള്ള വാടക ക്വാർട്ടേഴ്സിൽ
മലപ്പുറം തവനൂർ സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാലക്കാട് ചിറ്റൂർ സ്വദേശിയായ എസ്. ബർഷത്ത് (29) ആണ് മരിച്ചത്.
ജയിലിന് സമീപമുള്ള വാടക ക്വാർട്ടേഴ്സിലാണ് മൃതദേഹം തൂങ്ങിമരിച്ച നിലയിൽ പോലീസ് കണ്ടെത്തിയത്. ഏഴ് മാസം മുമ്പാണ് ബർഷത്ത് തവനൂർ സെൻട്രൽ ജയിലിലേക്ക് സ്ഥലംമാറ്റം ലഭിച്ച് ചുമതലയേറ്റത്.
വ്യാഴാഴ്ച പകൽ അദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നു. തുടർന്ന് ജയിലിന് സമീപത്തെ ക്വാർട്ടേഴ്സിലേക്ക് മടങ്ങിയ അദ്ദേഹം, അടുത്ത ദിവസം രാവിലെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. മരണകാരണം വ്യക്തമാക്കുന്നതിന് വിശദമായ പരിശോധനയും നടപടികളും പുരോഗമിക്കുകയാണ്.
കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ കേസ്സുകൾ വർദ്ധിക്കുന്നത് ആശങ്ക
അമീബിക് മസ്തിഷ്കജ്വരം മൂലം ഈ വർഷം മാത്രം 16 പേർ ജീവൻ നഷ്ടപ്പെട്ടിട്ടും പ്രതിരോധ നടപടികളിലും പഠനങ്ങളിലും ഫലപ്രദമായ ഏകോപനം ഇല്ലെന്നതാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.
1971 മുതൽ രാജ്യത്ത് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടുവരുന്നു. ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം, ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തത്.
മലിനജലത്തിൽ കുളിക്കുന്നവർക്ക് മാത്രമേ രോഗം ബാധിക്കുകയുള്ളുവെന്ന് കരുതിയിരുന്നെങ്കിലും, കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗം കണ്ടെത്തിയതിനാൽ വിശദമായ പഠനങ്ങൾ അനിവാര്യമാണ്.
തിരുവനന്തപുരം ജില്ലയിൽ മാത്രം കഴിഞ്ഞ രണ്ട് വർഷത്തിനിടെ 51 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ആറുപേർ ജീവൻ നഷ്ടപ്പെടുത്തി.
സംസ്ഥാനത്തിന്റെ ജലസമൃദ്ധതയും വ്യാപകമായ ജലാശയങ്ങളും രോഗബാധിതരുടെ എണ്ണം വർധിക്കാൻ കാരണമാണെന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ.
രാജ്യാന്തര തലത്തിൽ അമീബിക് മസ്തിഷ്കജ്വരത്തിന്റെ മരണനിരക്ക് 97 ശതമാനമാണ്. എന്നാൽ, കേരളത്തിൽ അത് 24 ശതമാനമായി നിയന്ത്രിക്കാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ പ്രധാന നേട്ടമാണെന്നു അവകാശപ്പെടുന്നു.
മരുന്നുകളിലൂടെ മാത്രമല്ല, പ്രതിരോധ നടപടികളിലൂടെ വിജയം കൈവരിക്കാനാണ് വിദഗ്ധരുടെ അഭിപ്രായം.
അമീബ ശരീരത്തിൽ പ്രവേശിക്കാതിരിക്കാനുള്ള മാർഗനിർദേശങ്ങൾ പൊതുജനങ്ങൾക്ക് വ്യക്തമാക്കണമെന്നും അവർ നിർദേശിക്കുന്നു.
ജലവിഭവ വകുപ്പിന്റെ കണക്കനുസരിച്ച്, കേരളത്തിൽ അരലക്ഷത്തോളം കുളങ്ങളുണ്ട്.
കിണറുകൾ പോലെ ക്ലോറിനേഷൻ നടത്തുന്നത് പരിസ്ഥിതിക്ക് പ്രതികൂലമായതിനാൽ, കുളങ്ങൾ കൃത്യമായ ഇടവേളകളിൽ ശുചീകരിക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം.
അതേസമയം, സംസ്ഥാനത്തെ ശുചിമുറി മാലിന്യത്തിൽ വെറും 16 ശതമാനം മാത്രമാണ് ശാസ്ത്രീയമായി സംസ്കരിക്കുന്നത്. ബാക്കിയുള്ളത് നേരിട്ട് മണ്ണിലേക്കാണ് ഒഴുക്കിവിടുന്നത്.
ബാക്ടീരിയകൾ കൂടുതലുള്ള ഇടങ്ങളിൽ അമീബയുടെ സാന്നിധ്യവും കൂടുതലായിരിക്കും. കൂടാതെ, കിണറുകളും മാലിന്യ ടാങ്കുകളും തമ്മിലുള്ള സുരക്ഷിത അകലം ഉറപ്പാക്കുന്നതിനും അടിയന്തര ഇടപെടൽ വേണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.