വേനൽച്ചൂടിൽ ഉത്പാദനം ഇടിഞ്ഞതോടെ മാലി മുളകിന്റെ വില ഉയർന്നു. നവംബറിൽ 100 രൂപയായിരുന്ന മുളക് വില 180-200 രൂപയായാണ് ഉയർന്നത്. സാധാരണ മുളകിനേക്കാൾ മണവും രുചിയുമുണ്ട് എന്നതാണ് മാലി മുളകിനെ വ്യസ്ത്യസ്തമാക്കുന്നത്.
മുളക് ചെടിയിൽ നിന്നും ഒരു വർഷം അഞ്ചു കിലോ വരെ വിളവ് ലഭിയ്ക്കും. കുറഞ്ഞ പരിചരണം നൽകിയാൽ മതിയെന്ന കാരണത്താൽ മലയോര മേഖലയികളിൽ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. എന്നാൽ വേനൽച്ചൂട് ഇത്തവണ മുൻപേ എത്തിയതോടെ പലയിടങ്ങളിലും മുളക് കൃഷി നശിച്ചു.
കർഷകരിൽ പലർക്കും ജലസേചന സൗകര്യം ആവശ്യത്തിന് ഇല്ലാതായതാണ് തിരിച്ചടിയായത്. ഗ്രീൻ നെറ്റ് കെട്ടിയാൽ ഒരു പരിധിവരെ മുളക് ചെടികൾ സംരക്ഷിക്കാൻ കഴിയുമെങ്കിലും ഗ്രീൻ നെറ്റ് വില ഉയർന്നതും ആവശ്യത്തിന് കിട്ടാനില്ലാത്തതും തിരിച്ചടിയായി.
2024 ഏപ്രിലിൽ 400 വരെ മാലി മുളകിന് വില വന്നിരുന്നു. എന്നാൽ ഉത്പാദനം ഉയർന്നതോടെ ഇത് 100 രൂപയായി താഴ്ന്നു. ഇതോടെ കൃഷി ചെയ്ത കർഷകർക്ക് ഉത്പാദനച്ചെലവ് പോലും ലഭിക്കാത്ത അവസ്ഥയായി. വില കുത്തനെയിടിഞ്ഞതിനെ തുടർന്ന് 2021 ജൂണിൽ ഇടുക്കി കാമാക്ഷിയിൽ 600 ൽ അധികം മുളക് ചെടികൾ കർഷകർ വെട്ടി നശിപ്പിച്ചിരുന്നു.
തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിൽ നിന്നുള്ള വ്യാപാരികളാണ് മാലി മുളക് വൻ തോതിൽ വാങ്ങുന്നത്. ഉത്പാദനം കുറഞ്ഞാൽ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്.