ദമാം: ദമാമിൽ താമസസ്ഥലത്ത് പാചകവാതക ചോർച്ചയെ തുടർന്നുണ്ടായ തീപിടിത്തത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം.
കൊല്ലം, കരുനാഗപ്പള്ളി സ്വദേശിയായ അസീസ് സുബൈർകുട്ടി ആണ് മരിച്ചത്. ദമാമിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 48 വയസായിരുന്നു.
ഉറങ്ങി കിടന്ന അസീസ് പാചകവാതകം ചോർന്ന് മുറിയിൽ നിറഞ്ഞത് അറിയാതെ സ്വിച്ചിട്ടപ്പോൾ വലിയ പൊട്ടിത്തെറിയോടെ തീ പിടിക്കുകയായിരുന്നു.
പൊട്ടിത്തെറിയോടൊപ്പം ഉയർന്ന പുക ശ്വസിച്ച് അബോധാവസ്ഥയിലായ അസീസിനെ ഗുരുതരാവസ്ഥയിൽ ദമാം സെൻട്രൽ ആശുപത്രിയിലെത്തിച്ചു.
ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നെങ്കിലും നില വഷളായി മരിക്കുകയായിരുന്നു.
നാട്ടിൽ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അസീസ് രണ്ടര വർഷം മുൻപാണ് ദമാമിൽ ഹൗസ് ഡ്രൈവർ വീസയിൽ സൗദിയിലെത്തിയത്.
ജോലി ചെയ്തു സമ്പാദിച്ച പണം കൊണ്ട് രണ്ടു പെൺകുട്ടികളുടെ പിതാവായ അസീസ് മൂത്തമകളുടെ വിവാഹം നടത്തിയിരുന്നു.
പഠനം പൂർത്തീകരിച്ച ഇളയ മകളുടെ വിവാഹം നടത്തണം, കെട്ടുറപ്പുള്ള നല്ല വീട് അങ്ങനെ നിരവധി ആഗ്രഹങ്ങളും സ്വപ്നങ്ങളും പൂർത്തിയാക്കാനാണ് അസീസ് പ്രവാസിയാവുന്നത്.
നാല് മാസങ്ങൾക്ക് മുൻപാണ് ആദ്യമായി അവധിക്ക് നാട്ടിൽ പോയി മടങ്ങിയെത്തിയത്. അപകട വിവരമറിഞ്ഞ് ദമാമിൽ തന്നെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മരുമകൻ അൻസർ കാര്യങ്ങൾ ക്രമീകരിക്കുന്നതിന് എത്തിചേർന്നിട്ടുണ്ട്.
ഭാര്യ: ഷീജ, മക്കൾ: ജാസ്മിൻ, തസ്നി, മരുമകൻ: അൻസർ (സൗദി).