ന്യൂഡല്‍ഹി: പ്രണബ് ജോതിനാഥ് ഐഎഎസിനെ കേരളത്തിന്‍റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി നിയമിച്ചു. സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ നിന്ന് പ്രണബ് ജോതിനാഥിനെ നിയമിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കുകയായിരുന്നു. നിലവിൽ സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് സെക്രട്ടറിയാണ് പ്രണബ് ജോതിനാഥ്.(Pranab jyoti Nath is new Chief Electoral Officer of Kerala)
ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ചുമതല വഹിക്കേണ്ട മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ കേന്ദ്ര ഡെപ്യൂട്ടിഷനിലേക്ക് പോയ ശേഷം സിഇഒ തസ്തികയില്‍ നിയമനം നല്‍കിയിരുന്നില്ല. നേരത്തെ രണ്ടു തവണ സംസ്ഥാന സര്‍ക്കാര്‍ പട്ടിക കേന്ദ്രത്തിലേയ്ക്ക് അയച്ചിരുന്നെങ്കിലും തിരിച്ചയക്കുകയായിരുന്നു.
അജിത്ത് പാട്ടില്‍, കെ വാസുകി എന്നിവര്‍ കൂടി അടങ്ങിയ പട്ടികയില്‍ നിന്നാണ് പ്രണബ് ജോതിനാഥിനെ തിരഞ്ഞെടുത്തത്. 2005 ബാച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്നു പ്രണബ് ജോതിനാഥ്.