നവാസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കൊച്ചി: അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
ശനിയാഴ്ച രാവിലെ കളമശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണ കാരണം ഹൃദയാഘാതം മൂലമാണ് എന്ന് സ്ഥിരീകരിച്ചത്. നവാസിന് വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ഹൃദയാഘാതമുണ്ടായെന്നാണ് പോസ്റ്റ്മോർട്ടത്തിലെ സൂചന.
ഇതിന് മുന്‍പും ഹൃദയാഘാതമുണ്ടായതിന്‍റെ ലക്ഷണവും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നെഞ്ചുവേദന വന്ന് ഹോട്ടൽ മുറിക്ക് പുറത്തിറങ്ങാൻ സഹായം തേടാൻ ശ്രമിക്കുന്നതിനിടെയാണ് നവാസ് കുഴഞ്ഞു വീണതെന്നാണ് കരുതുന്നത്.
ഹോട്ടൽ മുറിയുടെ വാതിലിനോട് ചേർന്നാണ് നടൻ വീണു കിടന്നിരുന്നത്. മുറിയുടെ വാതിൽ ലോക്ക് ചെയ്തിരുന്നില്ല. വീഴ്ചയുടെ ആഘാതത്തിൽ നവാസിന്റെ തലയിലും മുറിവുണ്ടായി.
അതേസമയം പൊതുദർശനത്തിന് ശേഷം കലാഭവൻ നവാസിന്റെ ഖബറടക്കം പൂർത്തിയായി. ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ ബോധരഹിതനായ നിലയിൽ നവാസിനെ കണ്ടെത്തിയത്.
തുടർന്ന് അദ്ദേഹത്തെ ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനു വേണ്ടിയാണു നവാസ് ചോറ്റാനിക്കരയിൽ എത്തിയത്.
ഷൂട്ടിങ്ങ് കഴിഞ്ഞ് റൂമിൽ വിശ്രമിക്കുന്ന സമയത്ത് രാത്രി 8.45 ഓടെയാണ് നവാസിനെ മുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്.
പ്രൊഫ. എം.കെ. സാനു വിടവാങ്ങി
കൊച്ചി: പ്രശസ്ത എഴുത്തുകാരൻ പ്രൊഫ. എം.കെ. സാനു അന്തരിച്ചു. 98 വയസ്സായിരുന്നു. കഴിഞ്ഞ 25 ന് വീട്ടിൽ വീണ് ഇടുപ്പെല്ലിനു പരുക്കേറ്റ് കൊച്ചി അമൃത ആശുപത്രിയിൽ ചികിൽസയിരിക്കെ വൈകിട്ട് 5.35നായിരുന്നു അന്ത്യം സംഭവിച്ചത്.
ഇടുപ്പെല്ലിനു ശസ്ത്രക്രിയ നടത്തിയെങ്കിലും ശ്വാസതടസ്സമുണ്ടായിരുന്നതു മൂലം തീവ്രപരിചരണ വിഭാഗത്തിൽ തന്നെ തുടരുകയായിരുന്നു.
എഴുത്തുകാരൻ, അധ്യാപകൻ, ചിന്തകൻ, വാഗ്മി, ജനപ്രതിനിധി എന്നിങ്ങനെ പല നിലകളിൽ പ്രാഗദ്ഭ്യം തെളിയിച്ച അദ്ദേഹത്തിന് വിപുലമായ ശിഷ്യസമ്പത്തുണ്ട്.
1928ൽ ആലപ്പുഴ തുമ്പോളിയിലാണ് ജനനം. നാലുവർഷത്തോളം സ്‌കൂൾ അധ്യാപകനായും പിന്നീട് വിവിധ കോളേജുകളിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചു.
40 ഓളം പുസ്തകങ്ങൾ രചിച്ചു. 1985 ലും 2002ലും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. 2011ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. ഭാര്യ: പരേതയായ എന്‍.രത്‌നമ്മ.
മക്കൾ: എം.എസ്.രഞ്ജിത് (റിട്ട.ഡപ്യൂട്ടി ചീഫ് മെക്കാനിക്കൽ എൻജിനീയർ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്), എം.എസ്.രേഖ, ഡോ.എം.എസ്.ഗീത (ഹിന്ദി വിഭാഗം റിട്ട.മേധാവി, സെന്റ് പോൾസ് കോളജ്, കളമശേരി), എം.എസ്.സീത (സാമൂഹികക്ഷേമ വകുപ്പ് റിട്ട. ഉദ്യോഗസ്ഥ), എം.എസ്.ഹാരിസ് (മാനേജർ, എനർജി മാനേജ്മെന്റ് സർവീസസ്, ദുബായ്).
സി.വി.മായ, സി.കെ.കൃഷ്ണൻ (റിട്ട.മാനേജർ, ഇന്ത്യൻ അലുമിനിയം കമ്പനി), അഡ്വ.പി.വി.ജ്യോതി (റിട്ട.മുനിസിപ്പൽ സെക്രട്ടറി), ഡോ.പ്രശാന്ത് കുമാർ (ഇംഗ്ലിഷ് വിഭാഗം മുൻ മേധാവി, കാലടി സംസ്കൃത സർവകലാശാല), മിനി (ഇലക്ട്രിക്കൽ എൻജിനീയർ, ദുബായ്) എന്നിവരാണ് മരുമക്കൾ.
Summary: The post-mortem report of late actor and mimicry artist Kalabhavan Navas confirms that he died of a heart attack. The autopsy was conducted at Kalamassery Medical College on Saturday morning.