മൈക്ക് ഓഫ് ചെയ്തതിനുശേഷവും നാടൻപാട്ട് തുടർന്ന lതിനെ തുടർന്ന് കായംകുളത്ത് ക്ഷേത്രത്തിൽ സംഘർഷം. പോലീസ് ലാത്തിചാർജ് നടത്തി. കായംകുളം നടയിൽ കണ്ണമ്പള്ളിൽ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന നാടൻപാട്ടിനിടെയാണ് സംഭവം. ലാത്തിചാർജിലും സംഘർഷത്തിലും നാടൻപാട്ട് കലാകാരന്മാർ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. നാടൻ പാട്ടുകാരുടെ മൈക്കും ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.
ഇന്നലെ രാത്രി പത്തുമണിയോടെ കായംകുളം കണ്ണമ്പള്ളിൽ ക്ഷേത്രത്തിലാണ് സംഭവം. നാടൻ പാട്ട് നടന്ന് കൊണ്ടിരിക്കെ 10 മണി ആയതിനെ തുടർന്ന് പോലീസ് നിർദേശപ്രകാരം മൈക്ക് ഓഫ് ചെയ്തു. എന്നാൽ കാണികളുടെ ആവശ്യപ്രകാരം നാടൻപാട്ട് സംഘം ഉപകരണങ്ങളുമായി വേദിക്ക് പുറത്തിറങ്ങി മൈക്ക് ഇല്ലാതെ പാട്ട് തുടർന്നു. ഇതിനിടയിൽ പാട്ട് സംഘത്തിന് നേരെ ആരോ ബൾബ് വലിച്ചെറിഞ്ഞു. ഇതേത്തുടർന്ന് സംഘർഷം ഉണ്ടാവുകയും സ്ഥിതി നിയന്ത്രിക്കാനായി ഇടപെടുകയുമായായിരുന്നു എന്നാണ് പോലീസ് പറയുന്നത്. എന്നാൽ യാതൊരു പ്രകോപമില്ലാതെ, പാടിക്കൊണ്ടിരുന്ന തങ്ങളുടെ മേൽ പോലീസ് ലാത്തിചാർജ് നടത്തുകയായിരുന്നു എന്ന് നാടൻപാട്ടു കലാകാരന്മാർ ആരോപിക്കുന്നു.