കാലടി: മലയാറ്റൂർ ഡ്യൂട്ടിക്കിടെ പോലീസുകാരന്റെ ദേഹത്ത് വാഹനം ഇടിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച് കടന്ന് കളഞ്ഞ വാഹനം പോലീസ് കണ്ടെത്തി. അപകടത്തിനുശേഷം നിർത്താതെ പോയ വാഹനത്തെക്കുറിച്ച് സ്ഥലത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ സൂചനകൾ ലഭിച്ചിരുന്നു.
അപകടത്തിൽ വാഹനത്തിന്റെ ഹെഡ്ലൈറ്റ് ചില്ലുകൾ പൊട്ടി പോയിരുന്നു. സ്ഥലത്തുനിന്നും ലഭിച്ച ഹെഡ് ലൈറ്റിന്റെ ചില്ല് കഷണങ്ങൾ ശേഖരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ വാഹനം കോതമംഗലം ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. വാഹനം ഓടിച്ചയാൾ ഒളിവിലാണ്.
പ്രതിയെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. പരിക്കുപറ്റിയ പോലീസ് ഉദ്യോഗസ്ഥനായ നിഥിൻ ഗുരുതരാവസ്ഥയിൽ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ അനിൽകുമാർ ടി മേപിള്ളി, സബ് ഇൻസ്പെക്ടർ ഉണ്ണി, സീനിയർ സി പി ഒ മാരായ മനോജ്, ഷിജോ പോൾ എന്നിവർ ഉണ്ടായിരുന്നു.
മഴ കഴിഞ്ഞിട്ടില്ല, കൂടുതൽ ശക്തമാകുന്നു; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
നാളെ മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടെ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (30/04/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറഞ്ഞു. പ്രത്യേക ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
നാളെ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 50 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും വടക്കൻ ആന്ധ്രാപ്രദേശ് തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായും മുന്നറിയിപ്പിൽ പറയുന്നു.
ശനിയും ഞായറും തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോ മീറ്റർ വരെയും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.