തിരുവനന്തപുരം: വാടക വീട്ടിൽ കഞ്ചാവ് വില്പന നടത്തിയ ദമ്പതികൾ പിടിയിൽ. തിരുവനന്തപുരം മലയിൻകീഴ് മാവോട്ടുകോണം കുഴിതാലംകോട് വാടകയ്ക്കു താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത് (29), ഭാര്യ മലയം സ്വദേശി സുമ (28) എന്നിവരാണ് പിടിയിലായത്. ഇവരുടെ കിടപ്പു മുറിയിൽ നിന്നും ചാക്കിൽ സൂക്ഷിച്ചിരുന്ന 18.27 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.(Police arrested couple in Thiruvananthapuram for possessing 18.27 kg of cannabis)
ഒരു മാസം മുൻപാണ് ദമ്പതികൾ ഈ വീട് വാടകയ്ക്ക് എടുത്തത്. കഞ്ചാവ് കച്ചവടം നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വീട് പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പുതുവത്സരാഘോഷം പ്രമാണിച്ച് വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്.
ബാലരാമപുരം സ്വദേശിയിൽ നിന്നാണ് ഇവർ കഞ്ചാവ് വാങ്ങിയതെന്നാണ് സൂചന. കാട്ടാക്കട, മലയിൻകീഴ്, പൂജപ്പുര സ്റ്റേഷനുകളിൽ മാലമോഷണം അടക്കം ഒട്ടേറെ കേസുകളിൽ വിജയകാന്ത് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.