കേരളത്തിൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശത്തിൻ്റെ ഭാഗമായുള്ള ട്രയൽ അലോട്ട്മെൻ്റ് ഫലം HSCAP വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രോസ്പക്ടസിൽ നൽകിയിട്ടുള്ള നിബന്ധനകളും മാനദണ്ഡങ്ങളും പാലിച്ച് അന്തിമ സ്ഥിരീകരണം നൽകിയ അപേക്ഷകളാണ് ട്രയൽ അലോട്ട്മെൻ്റിന് പരിഗണിച്ചിട്ടുള്ളത്.
www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ “Click for Higher Secondary Admission” എന്ന ഓപ്ഷൻ വഴി HSCAP വെബ്സൈറ്റിൽ പ്രവേശിക്കാനാകും. മെയ് 27-ന് പ്രസിദ്ധീകരിച്ച പുനർമൂല്യനിർണ്ണയ, സ്ക്രൂട്ടിനി ഫലങ്ങൾ ട്രയൽ അലോട്ട്മെൻ്റിന് പരിഗണിച്ചിട്ടില്ല. പുനർമൂല്യ നിർണ്ണയത്തിലൂടെ ഗ്രേഡിൽ മാറ്റം വന്നിട്ടുള്ള വിദ്യാർഥികളുടെ ഗ്രേഡ് ഒന്നാം അലോട്ട്മെൻ്റിന് മുന്നോടിയായി അപ്ഡേറ്റ് ചെയ്യുന്നതാണ്.
ട്രയൽ അലോട്ട്മെൻ്റ് എങ്ങനെ പരിശോധിക്കാം
https://hscap.kerala.gov.in/ വെബ്സൈറ്റിലേക്ക് നേരിട്ടോ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്ക് വഴിയോ പ്രവേശിക്കാം.
Hscap വെബ്സൈറ്റിൽ പ്രവേശിച്ചതിന് ശേഷം Candidate Login-SWS എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ലോഗിൻ ചെയ്യുക
ലോഗിൻ ചെയ്തതിന് ശേഷം Trial Results എന്ന ഓപ്ഷനിലൂടെ വിദ്യാർഥികൾക്ക് ട്രയൽ അലോട്ട്മെൻ്റ് പരിശോധിക്കാനാകും.
സംശയങ്ങളുണ്ടെങ്കിൽ അപേക്ഷകരുടെ വീടിനടുത്തുള്ള സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ ഹെൽപ്പ്
ഡെസ്കുകളുടെ സഹായം തേടാവുന്നതാണ്.
തെറ്റായ വിവരങ്ങൾ നൽകിയിട്ടുള്ളവർക്ക് തിരുത്താം
നിലവിൽ നൽകിയിട്ടുള്ള ഓപ്ഷനുകൾ, അലോട്ട്മെൻ്റ് ലഭിക്കുന്നതിനെ ബാധിക്കുന്ന ജാതി സംവരണം, ബോണസ് ബോയിൻ്റ് നേടുന്നതിനുള്ള വിവരങ്ങൾ, സ്ഥിര മേൽവിലാസം അനുസരിച്ചുള്ള പഞ്ചായത്ത്, താലൂക്ക്, കലാകായിക മേഖലകളിലെ നേട്ടങ്ങൾ, ക്ലബ് അംഗത്വം തുടങ്ങിയ വിവരങ്ങൾ തിരുത്താനുള്ള അവസരം ട്രയൽ അലോട്ട്മെൻ്റ് ഫലം പുറത്തുവന്നതിന് ശേഷം ലഭിക്കും. തിരുത്തലുകൾ ഉണ്ടെങ്കിൽ ഇത് ശ്രദ്ധയോടെ പൂർത്തിയാക്കേണ്ടതാണ്. നൽകിയ വിവരങ്ങളിൽ തെറ്റ് വന്നാൽ പ്രവേശനം നിഷേധിക്കപ്പെടുന്നതാണ്.
Read More: അതികഠിന ചൂടിൽ പരിശീലനം; ഡൽഹിയിൽ മലയാളി പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു