സംസ്ഥാനത്ത് ചൂട് ഉയർന്നതോടെ കൈത കൃഷി സംരക്ഷിക്കുവാൻ പാടു പെടുകയാണ് കർഷകർ. ലക്ഷങ്ങൾ മുതൽ മുടക്കിയാണ് റബ്ബർ എസ്റ്റേറ്റുകൾ പാട്ടത്തിനെതുടത്ത് കർഷകർ കൈത കൃഷി ചെയ്തിരിക്കുന്നത്. ഉത്പാദനച്ചെലവ് ഒറ്റയ്ക്ക് താങ്ങാനാകാത്തതിനാൽ ഒന്നിലധികം കർഷകർ ചേർന്നാണ് പലയിടത്തും എസ്റ്റേറ്റുകളും വൻകിട തോട്ടങ്ങളും പാട്ടത്തിനെടുത്തിരിക്കുന്നത്.
എന്നാൽ ചൂട് ഇത്തവണ മുൻപേ ഉയർന്നതോടെ വിവിധയിടങ്ങളിൽ കൈത മഞ്ഞളിച്ച് വാടുകയും ചിലയിടങ്ങളിൽ കരിഞ്ഞുണങ്ങുകയും ചെയ്തു. ഇതോടെ വൻ തുക കൊടുത്ത് കൃഷി പൂർണമായും ഓലകൊണ്ട് പൊതിയേണ്ട അവസ്ഥയിലാണ് കർഷകർ.
റംസാൻ നോമ്പ് കാലം ആരംഭിച്ചതോടെ കൈതച്ചക്കയ്ക്ക് ഡിമാന്റ് ഉണ്ടെങ്കിലും വെയിലടിച്ചാൽ ഉണക്കു ബാധിച്ച് കൈതച്ചക്കയുടെ തൂക്കം കുറയാൻ സാധ്യതയുണ്ടെന്നതും കർഷകരെ ആശങ്കയിലാക്കുന്നുണ്ട്. വേനൽ ശക്തമായാൽ കൈതച്ചക്കയുടെ നീരുവറ്റി സ്വാഭാവിക ആകൃതി നഷ്ടപ്പെടാനും സാധ്യതയുണ്ട്.
മുൻവർഷം ഉഷ്ണതരംഗം ഉൾപ്പെടെ വേനൽ ശക്തമായത് കൈത കർഷകരെ വലിയ തോതിൽ ബാധിച്ചിരുന്നു. വേനലിൽ കൈത കരിഞ്ഞുതുടങ്ങിയത് വൻ നഷ്ടവും ഉണ്ടാക്കിയിരുന്നു. കൈത മൂടാനുള്ള തെങ്ങോലകൾ തമിഴ്നാട്ടിൽ നിന്നാണ് എത്തുന്നത്. തെങ്ങോലയ്ക്ക് പുറമേ വൈക്കോലും കർഷകർ ഉപയോഗിക്കാറുണ്ട്.









