ദുബൈ: ചെറിയൊരു തലവേദന, പനി അതിൽ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. പക്ഷേ, അടുത്തദിവസങ്ങളിൽ മാതാപിതാക്കളെ ആധിയിലാഴ്ത്തി ഫിൽസ മെഹറിൻ എന്ന ഒമ്പതുകാരി നിശ്ശബ്ദതയിലേക്ക് ആണ്ടുപോയി…Philsa’s return from coma
പാറിപ്പറന്ന് നടന്നിരുന്ന മകൾ പെടുന്നനെ ചലനമറ്റ് ആശുപത്രി കിടക്കയിലേക്ക് വീണുപോയപ്പോൾ സ്തബ്ധരായി നോക്കിനിൽക്കാനേ പ്രവാസികളായ അബുൽ അഫ്സലിനും ഫെമ അബുൽ അഫ്സലിനും സാധിച്ചുള്ളൂ.
കോമയിൽ നിന്ന് ഫിൽസ മെഹറിൻ ഉണർന്നത് ജീവിതത്തിലേക്ക് മാത്രമായിരുന്നില്ല, അവൾക്ക് ചുറ്റും പ്രതീക്ഷയോടെ കാത്തിരുന്നവരുടെ ആശ്വാസ തീരത്തേക്ക് കൂടിയാണ്.
ദിവസങ്ങളോളം കോമയിലെന്ന പോലെ ചലനമറ്റ് അവൾ കിടന്നു. പ്രിയപ്പെട്ടവരെ പോലും തിരിച്ചറിയാതെ. ഷാർജയിലെ ബുർജീൽ ആശുപത്രിയിലെ പരിശോധനയിൽ രോഗത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട ഡോക്ടർമാർ ഫിൽസയെ ഉടൻ ആംബുലൻസിൽ അബൂദബിയിലെ ബുർജിൽ മെഡിക്കൽ സിറ്റിയിലേക്ക് എത്തിക്കുകയായിരുന്നു.
തലച്ചോറിനെ ബാധിക്കുന്ന അക്യൂട്ട് നെക്രോറ്റൈസിങ് എൻസെഫലോപ്പതി എന്ന അപൂർവ രോഗാവസ്ഥയായിരുന്നു ഫിൽസക്ക്. മരണസാധ്യത ഏറെയുള്ള അപകടകരമായ രോഗമാണിതെന്ന് ബുർജീൽ മെഡി.സിറ്റിയിലെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. മെറിൻ ഈപ്പൻ പറയുന്നു.
ഇൻഫ്ലുവൻസ പോലുള്ള രോഗങ്ങൾക്ക് പിന്നാലെയാണ് അക്യൂട്ട് നെക്രോറ്റൈസിങ് എൻസെഫലോപ്പതി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രോഗത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ, ശരീരം വൈറസുകൾക്കൊപ്പം തലച്ചോറിന്റെ കോശങ്ങളെയും നശിപ്പിക്കുന്ന അപൂർവ രോഗാവസ്ഥ.
ഫിൽസയുടെ തലച്ചോറിന്റെ പ്രധാനഭാഗങ്ങളെ രോഗം ബാധിച്ചിരുന്നു. അതോടെയാണ് ചലനമറ്റ് കിടന്നുപോയത്. അപൂർവരോഗത്തെ തിരിച്ചറിയാൻ ബൂർജീലിലെ ഡോക്ടർമാർക്ക് വേഗത്തിൽ കഴിഞ്ഞത് ഈ നാലാംക്ലാസുകാരിയുടെ അതിജീവനം എളുപ്പമാക്കി.
ദിവസങ്ങളോളം വെന്റിലേറ്ററിൽ കഴിഞ്ഞ ഫിൽസ ഡോക്ടർമാരെ പോലും ഞെട്ടിച്ച് വളരെ വേഗത്തിൽ ജീവിതത്തെ തിരിച്ചുപിടിച്ചു. പത്തുദിവസത്തിനകം പരസഹായമില്ലാതെ എഴുന്നേറ്റ് നിൽക്കാനും നടക്കാനും പ്രാപ്തയായി.
ഇനിയുള്ള മാസങ്ങളിൽ നിരീക്ഷണം ആവശ്യമാണെങ്കിലും അപകടാവസ്ഥകൾ തരണം ചെയ്ത് ഫിൽസ തന്റെ കളിചിരികളുടെ കാലം തിരിച്ചു പിടിച്ചിരിക്കുന്നു. തന്നെ പരിചരിച്ചവരോട് തനിക്കുവേണ്ടി പ്രാർഥിച്ചവരോട് നിഷ്കളങ്കമായ ഭാഷയിൽ നന്ദി പറയുകയാണ് ഫിൽസ.