മഹാമാരിയായ കൊറോണയിൽ നിന്നും ലോകം കരകയറി വരുന്ന സമയമാണ്. ഇതിന് പിന്നാലെ ലോകമെമ്പാടും വ്യത്യസ്തങ്ങളായ വൈറസുകളും അപൂർവ്വ രോഗങ്ങളും സ്ഥിരീകരിക്കപ്പെടുന്ന സാഹചര്യമുണ്ട്. അതിൽ ഒടുവിലത്തെ ഉദാഹരണമായി തത്തപ്പനി എന്ന രോഗമാണ് ഇപ്പോൾ ലോകത്തിൽ ആശങ്കയായി പടരുന്നത്. യൂറോപ്പിലെ പല രാജ്യങ്ങളിലും ഇത് മാരകമായി പടരുകയാണ് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞവർഷം ജർമ്മനിയിൽ തത്തപ്പനിയുടെ 14 കേസുകളും ഓസ്ട്രേലിയയിൽ 17 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന സിഎൻഎൽ റിപ്പോർട്ട് പറയുന്നു. ഡെന്മാർക്കിൽ ഫെബ്രുവരി വരെ 23 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. നെതർലണ്ടിൽ 20 കേസുകളും ഓസ്ട്രേലിയയിൽ നാല് കേസുകളും ആണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഡെന്മാർക്കിൽ നാല് മരണവും നെതർലണ്ടിൽ ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു.
എന്താണ് തത്തപ്പനി
തത്തപ്പനി എന്ന പൊതുവേ അറിയപ്പെടുന്ന സിറ്റാക്കോസിസ് എന്ന ജന്തുജന്യ രോഗമാണിത്. ക്‌ളാമൈഡിയോഫില സിറ്റക്കി എന്ന ബാക്ടീരിയയാണ് ഈ രോഗം ഉണ്ടാക്കുന്നത്. ഇത് ഇത് തത്തകളെ കൂടുതലായി ബാധിക്കുകയും അതിലൂടെ മനുഷ്യർക്ക് പകരുകയും ചെയ്യുന്നു. രോഗം ബാധിച്ച പക്ഷികളുടെ വിസർജ്യങ്ങളിൽ നിന്ന് ഉയരുന്ന പൊടി ശ്വസിക്കുന്നതോടെയാണ് മനുഷ്യരിലേക്ക് ഈ രോഗം പകരുന്നത്. മറ്റു പക്ഷികളെ അപേക്ഷിച്ച തത്തകളിൽ ഈ അസുഖം കൂടുതലായി കാണപ്പെടുന്നു. രോഗം ബാധിക്കുന്ന പക്ഷികളിൽ പക്ഷേ ഇതിന്റെ യാതൊരു ലക്ഷണങ്ങളോ ബുദ്ധിമുട്ടുകളും കാണില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
ന്യൂമോണിയ ആയി തുടങ്ങി പല അവയവങ്ങൾക്കും ബാധിക്കാനും കേടുപാട് വരുത്താനും മരണത്തിലേക്ക് വരെ നയിക്കാനും സാധ്യതയുള്ള അസുഖമാണിത്. എന്നാൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അപൂർവമായി മാത്രമേ രോഗം പകരാൻ സാധ്യതയുള്ളൂ എന്ന് പഠനങ്ങൾ പറയുന്നു. എന്നിരുന്നാലും പക്ഷികൾ കൂടുതലുള്ളിടത്ത് ഈ രോഗം അതിവേഗം പടർന്നു പിടിക്കും.
ലക്ഷണങ്ങൾ എന്തൊക്കെ
പനി, തലവേദന, ചുമ എന്നിവയാണ് മനുഷ്യരിൽ ഈ അണുബാധ സാധാരണയായി ഉണ്ടാക്കുന്ന ലക്ഷണങ്ങൾ. സാവധാ,നത്തിൽ ഇത് ന്യൂമോണിയയായി മാറുന്നു. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കൂടാതെ തൊണ്ട വീക്കം, സന്ധിവേദന, ക്ഷീണം മൂക്കിൽ നിന്ന് രക്തം വരിക എന്നീ ലക്ഷണങ്ങളും ചിലരിൽ കാണാറുണ്ട്. ആന്റിബയോട്ടിക്കുകളാണ് സാധാരണ ഇതിനു മരുന്നായി കൊടുക്കാറ്. മരണനിരക്ക് കുറവാണെങ്കിലും അതിവേഗം വ്യാപിക്കാനുള്ള ഇതിന്റെ ശേഷി അപകടകരമാണ്.
മുൻകരുതലുകൾ
പക്ഷികളുമായി ബന്ധപ്പെടുന്നവർക്കാണ് ഇത് കൂടുതലായി വരാൻ സാധ്യത എന്നതിനാൽഅത്തരക്കാർ കൂടുതൽ ശ്രദ്ധിക്കണം. ജോലി സമയത്ത് മാസ്കും കൈയുറകളും നിർബന്ധമായി ധരിക്കണം
ഇത് ഒരു ബാക്ടീരിയൽ അണുബാധിയായതിനാൽ അപകട സാധ്യത കൂടുതലാണ്. അതിനാൽ തന്നെ ചെറിയ ചുമയോ മറ്റു ലക്ഷണങ്ങളോ കണ്ടാൽ സ്വയം ചികിത്സിക്കരുത്.
പക്ഷികളുടെ തൂവലുകൾ വഴിയും ഇവ പകരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ പക്ഷി വ്യാപാരം നടത്തുന്നവരും അവയെ വളർത്തുന്നവരുമായ ആളുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണം. പക്ഷി വളർത്തൽ കേന്ദ്രങ്ങൾ നടത്തുന്നവർ, കോഴിഫാമുകൾ, മൃഗ വിദഗ്ധർ, തോട്ടക്കാർ എന്നിവർ കൂടുതൽ ശ്രദ്ധിക്കണം.