തിരുവനന്തപുരം: നെല്ല് സംഭരണത്തിനായി സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 50 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സർക്കാർ വിഹിതത്തിൽ 207 കോടി രുപ കുടിശിക നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിലവിലെ സീസണിലെ നെല്ലിന്റെ വില കർഷകർക്ക് വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ തുക അനുവദിച്ചത്.(Paddy procurement: Supplycok sanctioned Rs 50 crore)
കേന്ദ്ര സർക്കാർ വിഹിതത്തിന് കാത്തുനിൽക്കാതെ, നെല്ല് സംഭരിക്കുമ്പോൾ തന്നെ കർഷകർക്ക് വില നൽകുന്നതാണ് കേരളത്തിലെ രീതി. കേരളത്തിൽ പി.ആർ.എസ് വായ്‌പാ പദ്ധതിയിൽ കർഷകന് നെൽവില ബാങ്കിൽനിന്ന് ലഭിക്കും. പലിശയും മുതലും ചേർത്തുള്ള വായ്‌പാ തിരിച്ചടവ് സംസ്ഥാന സർക്കാർ നിർവഹിക്കും.
കർഷകൻ നൽകുന്ന ഉൽപാദന ബോണസിന്റെയും വായ്‌പാ പലിശയുടെയും ബാധ്യത സംസ്ഥാന സർക്കാരാണ് തീർക്കുന്നത്. ഇതിലൂടെ നെല്ല് ഏറ്റെടുത്താൽ ഉടൻ കർഷകന് വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. വായ്‌പാ ബാധ്യത ഏറ്റെടുക്കേണ്ടിവരുന്നതുമില്ല. കേരളത്തിൽ മാത്രമാണ് നെൽ കർഷകർക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളതെന്നും മന്ത്രി അറിയിച്ചു.