ചെന്നൈ: ഓൺലൈൻ വായ്പത്തട്ടിപ്പ് കേസിൽ മലയാളിയെ അറസ്റ്റ് ചെയ്ത് പുതുച്ചേരി പൊലീസിന്റെ സൈബർ ക്രൈം വിഭാഗം. 465 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് ഷെരീഫിനെ (42)യാണ് അറസ്റ്റ് ചെയ്തത്. പലിശസഹിതം വായ്പ തിരിച്ചടച്ചിട്ടും കൂടുതൽ തുക ആവശ്യപ്പെട്ടെന്നും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള യുവതിയുടെ പരാതിയിലാണ് നടപടി.(Online loan fraud case; malayali arrested)
ഷെരീഫ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ 2 പേരെ കൂടി പിടികൂടിയിട്ടുണ്ട്. ഇൻസ്റ്റന്റ് വായ്പ എന്ന പേരിൽ പലിശയ്ക്കു പണം നൽകുകയും പിന്നീട് ഭീഷണിപ്പെടുത്തി അധിക തുക തിരിച്ചടപ്പിക്കുകയുമാണ് സംഘത്തിന്റെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി. രാജ്യത്തുടനീളം ഒട്ടേറെപ്പേർ തട്ടിപ്പിനിരയായതായും വിവിധ രാജ്യങ്ങളിലെ തട്ടിപ്പുസംഘങ്ങളുമായി ഇവർക്കു ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു.
കേരളത്തിലെ ഒരു ട്രാവൽ കമ്പനിക്കു കേസുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണസംഘം കേരളത്തിൽ എത്തും.