തിരുവനന്തപുരം മൃഗശാലയിലെ രണ്ട് ഗ്രീൻ അനാക്കോണ്ടയിൽ ഒന്ന് ചത്തു. വ്യാഴാഴ്ച വൈകിട്ട് 4ഓടെയാണ് ദിൽ എന്ന പെൺ അനാക്കോണ്ടയെ അവശനിലയിൽ കണ്ടത്. അടിയന്തര ചികിത്സ നൽകിയെങ്കിലും 5മണിയോടെ ചത്തു. One of the two green anacondas at Thiruvananthapuram Zoo has died
അനാക്കോണ്ടയുടെ വാലിനോട് ചേർന്നുണ്ടായിരുന്ന മുഴയ്ക്ക് ദീർഘനാളായി ചികിത്സയിലായിരുന്നു. 13 വയസുള്ള അനാക്കോണ്ടയ്ക്ക് 49 കിലോ ഭാരവും 3.9 മീറ്റർ നീളവുമുണ്ടായിരുന്നു. പ്രായാധിക്യവും വയറിലുണ്ടായ നീർക്കെട്ടുമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
സാധാരണ 10 വയസ്സു വരെ ജീവിക്കുന്ന അനാക്കോണ്ട, മൃഗശാല പോലെയുള്ള ഇടങ്ങളിൽ പ്രത്യേക പരിചരണം ലഭിച്ചാൽ കൂടുതൽ കാലം ജീവിക്കും.
ദില്ലിന് 49 കിലോ ഭാരവും 3.9 മീറ്റർ നീളവുമുണ്ടായിരുന്നു. പാലോട് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം അവിടെത്തന്നെയുള്ള കാർക്കസ് ഡിസ്പോസൽ പിറ്റിൽ അടക്കം ചെയ്തു.
2014 ഏപ്രിലിൽ ശ്രീലങ്കയിലെ സുവോളജിക്കൽ പാർക്കിൽ നിന്നാണ് 7 ഗ്രീൻ അനാക്കോണ്ടകളെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. അന്ന് ദില്ലിന് രണ്ടര വയസ്സായിരുന്നു.
സിഡിഐഒയിലെ മൈക്രോബയോളജി, പാരാസൈറ്റോളജി, പാത്തോളജി വകുപ്പുകളിൽ നിന്ന് ഡോ.എസ്.അപർണ, ഡോ.പി.ആർ.പ്രത്യുഷ്, ഡോ.ജി.എസ്.അജിത് കുമാർ, തിരുവനന്തപുരം മൃഗശാല വെറ്ററിനറി സർജൻ ഡോ നികേഷ് കിരൺ എന്നിവരാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
നിലവിൽ വയറിൽ ഉണ്ടായ നീർക്കെട്ടാണ് മരണകാരണമായി കണ്ടെത്തിയിട്ടുള്ളത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൃത്യമായ മരണ കാരണം അറിയാൻ സാധിക്കൂ എന്ന് മൃഗശാല അധികൃതർ അറിയിച്ചു.