പീരുമേട്: ദേശീയപാതയിൽ മുണ്ടക്കയം മുതൽ കൊടികുത്തി വരെയുള്ള റോഡിലൂടെയുള്ള രാത്രിയാത്രയ്ക്ക് പാലപ്പൂവിന്റെ വശ്യ സുഗന്ധമാണ്.
12ൽപ്പരം കൂറ്റൻ മരങ്ങളാണ് ഇവിടെ പുഷ്പിച്ചുനിൽക്കുന്നത്. സന്ധ്യക്ക് ശേഷം വിരിയുന്ന പാലപൂക്കളുടെ സൗരഭ്യം റോഡിൽ സദാ തങ്ങിനിൽക്കുന്നു.
വൃശ്ചികത്തിന് തൊട്ട് മുന്‍പ് കായ്കള്‍ വിടരാന്‍ തുടങ്ങും. അപ്പോള്‍ മുതൽ വശ്യഗന്ധമായിരിക്കും.
പിന്നീട് വൃശ്ചികത്തിന്റെ പുലര്‍ക്കാല മഞ്ഞ് പെയ്തു ഇറങ്ങുമ്പോള്‍ പകല്‍ മുഴുവന്‍ ഗന്ധം അടക്കിപ്പിടിച്ച് രാത്രികാലങ്ങളില്‍ സുഗന്ധം പരത്തും.
പതിറ്റാണ്ടുകൾ പ്രായമുള്ള കൂറ്റൻ മരങ്ങൾ ഇലമൂടി പൂ വിരിഞ്ഞ് വെള്ളവിരിച്ചു നിൽക്കുകയാണ് ഇവിടെ. ജില്ല അതിർത്തിയായ മുണ്ടക്കയം പാലത്തിന് സമീപമുള്ള ക്ഷേത്രത്തിലേക്കുള്ള വഴിയിലും പാല പൂത്തുനിൽക്കുന്നുണ്ട്.
പൂര്‍വ്വികര്‍ നട്ടുവളര്‍ത്തിയ ഏഴിലം പാലമരങ്ങള്‍ കുലകുലയായ് പൂക്കുടന്നകള് വിടര്‍ത്തി, നഗരത്തിന്റെ രാത്രികാലം പാലപ്പൂവിന്റെ മത്ത് പിടിപ്പിക്കുന്ന ലഹരിഗന്ധത്താല് സമ്പന്നമാക്കിയിരിക്കുകയാണ്.
പകല്‍ സമയങ്ങളില്‍ ഈ മരത്തിന്റെ ചുവട്ടില്‍ സുന്ദരികളായ സ്ത്രീകളും രാത്രി അരോഗ്യദൃഢഗാത്രരായ പുരുഷന്മാരും ഇരിക്കാന്‍ പാടില്ല എന്നാണ് പഴമക്കാര്‍ പറയാറുള്ളത്.
അതിനു കാരണമായി അവര്‍ പറയുന്നത്, പകല്‍ ഗന്ധര്വ്വന്മാരും രാത്രി യക്ഷികളും പാലമരത്തില്‍ കാത്തിരിക്കുമെന്നതാണ്.
എന്നാല്‍ ശാസ്ത്രജ്ഞര്‍ പറയുന്നത് നേരെ മറിച്ചാണ്. പകല്‍ സമയത്ത് ഈ മരത്തിന്റെ അടിയിലെ പ്രത്യേകതരം നേര്‍ത്ത ഗന്ധം സ്ത്രീകളിലെ ഹോര്‍മ്മോണുകളില്‍ വ്യതിയാനം സൃഷ്ടിക്കും എന്നും വിഷജന്തുകള്‍ രാത്രി കാലങ്ങളില്‍ ഈ വൃക്ഷ ചുവട്ടില്‍ എത്തും എന്നുമാണ് .
രാത്രിയിൽ പാലമരചുവട്ടിൽ കിടന്നാൽ രാവിലെ എല്ലും മുടിയും മാത്രമേ കാണൂവെന്നും വിശ്വസിക്കുന്നവർ ഇപ്പോഴും ഉണ്ട്. യക്ഷികളെ ആണിയിൽ ആവാഹിച്ച് പാലമരത്തിൽ തറക്കുന്ന മാന്ത്രികൻമാരുടെ കഥകളും പഴയകാല എഴുത്തുകളിലുണ്ട്.
ദക്ഷിണാഫ്രിക്കയാണ് ഏഴിലം പാലയുടെ ജന്മദേശം. അസ് റ്റോണിയ സ്കോളാരിസ് എന്നാണ് ശാസ്ത്രീയ നാമം. ചെറിയ ശാഖയിൽ ഏഴ് ഇലകൾ ഉള്ളതിനാൽ ഏഴിലംപാല എന്ന് വിളിക്കുന്നു.
ഇലകൾ പൂർണമായും മൂടി കുലകളായി പുഷ്പിക്കുന്നു. യക്ഷി പാല, ദൈവ പാല, കുട പാല, കുരുട്ടുപാല എന്നീ പേരുകളിലും അറിയപ്പെടുന്നു. ആയുർവേദത്തിൽ വാത പിത്തരോഗങ്ങൾ, അൾസർ, ദഹനക്കുറവ്, മലേറിയ തുടങ്ങിയ രോഗങ്ങൾക്ക് ഇല, തൊലി, കറ എന്നിവ ഉപയോഗിക്കുന്നു. തൊലി മുറിക്കുമ്പോൾ പാൽ നിറത്തിൽ കറയും ലഭിക്കും. കൂറ്റൻ മരമാണങ്കിലും പാഴ്തടിയായതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടി ഉപയോഗിക്കാറില്ല.
ഏഴിലം പാലയെക്കുറിച്ച് മലയാളികൾ ആദ്യം ഓർമിക്കുന്ന ഗാനം 1973ൽ ‘കാട്’ എന്ന ചിത്രത്തിന് വേണ്ടി വയലാർ രാമവർമ രചിച്ച ‘ഏഴിലം പാല പൂത്തു പൂമരങ്ങൾ കുടപിടിച്ചു’ എന്ന ഗാനമാണ്. 50 വർഷങ്ങൾ പിന്നിടുന്ന ഗാനം ഇന്നും മലയാളികൾ പാടി നടക്കുന്നു. പത്മരാജന്റെ കൃതിയായ പ്രതിമയും രാജകുമാരിയും 1990 ൽ അദ്ദേഹം ‘ഞാൻ ഗന്ധർവൻ’ എന്ന പേരിൽ സിനിമയായി ചിത്രീകരിച്ചപ്പോഴും ഏഴിലംപാലക്കും മുഖ്യസ്ഥാനം ലഭിച്ചു.