പാലക്കാട്: ഷൊര്‍ണൂരില്‍ ഭാരതപുഴയ്ക്ക് കുറുകെയായി തകര്‍ന്നുകിടക്കുന്ന പഴയ കൊച്ചിന്‍ പാലം പൊളിച്ചു നീക്കും. കെ രാധാകൃഷ്ണന്‍ എംപിയുടെയും യുആര്‍ പ്രദീപ് എംഎല്‍എയുടെയും ഇടപെടലിനെ തുടര്‍ന്നാണ് പാലം പൊളിക്കാൻ തീരുമാനിച്ചത്.
2003ല്‍ ജനുവരി 25നാണ് പുതിയ പാലം നിർമിച്ചത്. ബലക്ഷയത്തെ തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ച് പുതിയ പാലം നിര്‍മ്മിക്കുകയായിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് ആണ് കൊച്ചിന്‍ പാലം നിര്‍മ്മിച്ചത്. കൊച്ചി മഹാരാജാവ് രാമവര്‍മ്മയുടെ ആഗ്രഹപ്രകാരം തിരുകൊച്ചിയെയും മലബാറിനെയും ബന്ധിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു പാലത്തിന്റെ നിർമാണം.
ഷൊര്‍ണൂരിലേക്ക് പോയിരുന്ന ട്രെയിന്‍ ഗതാഗതം തിരുവിതാംകൂറിലേക്ക് എത്തിക്കുക എന്നതായിരുന്നു ഉദ്ദേശം. തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ 14 സ്വര്‍ണ നെറ്റിപ്പട്ടങ്ങളും പൊതുഖജനാവില്‍ നിന്ന് 84 ലക്ഷം രൂപയും ആണ് രാജാവ് പാലത്തിന് വേണ്ടി ചെലവഴിച്ചത്.
1902 ജൂണ്‍ രണ്ടിന് പാലത്തിലൂടെ ആദ്യത്തെ ചരക്ക് ട്രെയിന്‍ കടന്നുപോയിരുന്നു. തുടര്‍ന്ന് മലബാറില്‍ നിന്ന് യാത്രാ സര്‍വീസുകളും ആരംഭിച്ചിരുന്നു. ട്രെയിന്‍ ഗതാഗതം മീറ്റര്‍ ഗേജില്‍ നിന്ന് ബ്രോഡ്‌ഗേജിലേക്ക് മാറിയപ്പോള്‍ തന്നെ ബ്രിട്ടീഷ് സര്‍ക്കാര്‍ ട്രെയിന്‍ ഗതാഗതത്തിനായി പുതിയ പാലം നിര്‍മ്മിച്ചു.
തുടർന്ന് 2011ല്‍ പഴയ പാലത്തിന്റെ സ്പാനുകള്‍ നിലം പൊത്തി. എന്നാൽ ചരിത്രസ്മാരകമായി നിലനിര്‍ത്താന്‍ കെ രാധാകൃഷ്ണന്‍ എംഎല്‍എ ശ്രമിച്ചിരുന്നു. പക്ഷെ ബലക്ഷയം കണക്കിലെടുത്ത് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പ്രളയ കാലത്തും പാലത്തിന് ഏറെ നാശം സംഭവിച്ചിരുന്നു.