കാനുല മുറിക്കുന്നതിനൊപ്പം കുഞ്ഞിന്റെ തള്ളവിരൽ മുറിച്ചുമാറ്റി നേഴ്സ്
ഇൻഡോർ: ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ തള്ളവിരൽ അബദ്ധത്തിൽ മുറിച്ചുമാറ്റിയ സംഭവത്തിൽ സർക്കാർ ആശുപത്രിയിലെ നഴ്സിനെ സസ്പെൻഡ് ചെയ്തു.
മധ്യപ്രദേശിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ചികിത്സാ കേന്ദ്രമായ മഹാരാജാ യശ്വന്ത്റാവു (എംവൈ) ആശുപത്രിയിലാണ് ഗുരുതരമായ അശ്രദ്ധയ്ക്ക് ഇടയായ ഈ സംഭവം നടന്നത്. ബുധനാഴ്ചയായിരുന്നു സംഭവം.
ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് വെന്റിലേറ്ററിലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
കുഞ്ഞിന് കുത്തിവയ്പിനായി കൈയിൽ ഘടിപ്പിച്ചിരുന്ന കാനുല നീക്കം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.
കത്രിക ഉപയോഗിച്ച് കാനുല മുറിച്ചെടുക്കുമ്പോൾ അബദ്ധത്തിൽ കുഞ്ഞിന്റെ തള്ളവിരൽ മുറിഞ്ഞുപോയതാണെന്ന് നഴ്സ് വിശദീകരിച്ചു.
സംഭവമുണ്ടായ ഉടൻ തന്നെ കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി മുറിഞ്ഞ വിരൽ തുന്നിച്ചേർക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവം പുറത്തറിഞ്ഞതോടെ വലിയ പ്രതിഷേധവും ആശങ്കയും ഉയർന്നു. ഗുരുതരമായ അശ്രദ്ധയാണ് സംഭവത്തിനിടയാക്കിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട നഴ്സിനെ സസ്പെൻഡ് ചെയ്തതായി ആശുപത്രി ഡീൻ ഡോ. അരവിന്ദ് ഗംഗോരിയ വ്യക്തമാക്കി.
കൂടാതെ, സംഭവത്തിന്റെ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയ മൂന്ന് സീനിയർ നഴ്സുമാരുടെ ഒരു മാസത്തെ ശമ്പളം വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചു.
3,000 കിടക്കകളുള്ള മഹാരാജാ യശ്വന്ത്റാവു ആശുപത്രി ഏതാനും മാസങ്ങൾക്ക് മുൻപ് രണ്ട് നവജാത ശിശുക്കൾ എലി കടിയേറ്റ് മരിച്ച സംഭവത്തെ തുടർന്ന് ദേശീയതലത്തിൽ വാർത്തകളിൽ ഇടം നേടിയിരുന്നു.
അതിനുപിന്നാലെ വീണ്ടും ഗുരുതരമായ അശ്രദ്ധ പുറത്തുവന്നതോടെ ആശുപത്രിയിലെ സുരക്ഷാ മാനദണ്ഡങ്ങളും രോഗി പരിചരണ സംവിധാനങ്ങളും കടുത്ത വിമർശനങ്ങൾക്ക് വിധേയമായിരിക്കുകയാണ്.
സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകി.
കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആശുപത്രികളിലെ പ്രവർത്തനരീതികൾ പുനപരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.









