തിരുവനന്തപുരം: വിദ്യാഭ്യാസ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി വി. ശിവൻകുട്ടി.
നിയമവിരുദ്ധമായി പ്രവർത്തിക്കാൻ ഒരു സ്കൂളിനെയും അനുവദിക്കില്ല. സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും വിദ്യാഭ്യാസ നിയമങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ സ്കൂളുകൾ തുടങ്ങാൻ കഴിയൂ.
കേന്ദ്ര സ്കൂളുകൾക്ക് പോലും ഇവിടെ പ്രവർത്തിക്കണമെങ്കിൽ സംസ്ഥാനത്തിന്റെ എൻ.ഒ.സി വേണമെന്ന നിയമം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ചിലർ അനുവാദവുമില്ലാതെ വീടുകൾ വാടകക്കെടുത്തും മറ്റും സ്കൂളുകൾ ആരംഭിക്കുന്നത്. എൽ.കെ.ജിയിൽ തലവരിയായി 25,000 രൂപ വരെ വാങ്ങുന്നുണ്ട്.
രണ്ടാം ക്ലാസിൽ പ്രവേശനത്തിന് രണ്ടു ലക്ഷം രൂപ വരെ വാങ്ങുന്ന സ്ഥാപനങ്ങളുമുണ്ട്. പ്രീപ്രൈമറി സ്കൂളുകളുടെ ഫീസ് ഏകീകരണം ഉൾപ്പെടെ സർക്കാർ പരിഗണിക്കും.
എൻ.സി.ഇ.ആർ.ടിയുടെയും എസ്.സി.ഇ.ആർ.ടിയുടെയും സിലബസുകൾ പരിഗണിക്കാതെ സ്വന്തം സിലബസ് തീരുമാനിച്ച് സ്വന്തമായി പരീക്ഷ നടത്തുകയാണ് ഇക്കൂട്ടർ. ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
No school shall be permitted to act in violation of the law; Minister V Shivankutty ordered to investigate