News4media TOP NEWS
വിവാഹത്തിന് വധുവിന്റെ വീടിനു മുകളിൽ വിമാനത്തിൽ നിന്ന് നോട്ടുമഴ പെയ്യിച്ച് വരന്റെ അച്ഛന്റെ സർപ്രൈസ് സമ്മാനം ! വീണത് ലക്ഷക്കണക്കിന് രൂപ:VIDEO ശബരിമല സന്നിധാനത്ത് അനധികൃത മദ്യവില്പന; നാലര ലിറ്റര്‍ വിദേശമദ്യവുമായി ഹോട്ടല്‍ ജീവനക്കാരന്‍ പിടിയിൽ; ഗുരുതര സുരക്ഷാ വീഴ്ച ആരോപിച്ച് രഹസ്യാന്വേഷണ വിഭാഗം സമ്മാനം കിട്ടിയില്ലെന്ന് പറഞ്ഞ് പ്രതിഷേധിക്കാൻ ആരും വരണ്ട, ജഡ്ജസിനെതിരെ പ്രതിഷേധം അനുവദിക്കില്ല; സംസ്ഥാന സ്കൂൾ കലോത്സവ ഒരുക്കങ്ങൾക്കിടെ മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി ‘മോക്ഷം പ്രാപിക്കാൻ’ വിഷം ? 4 പേർ ഹോട്ടൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ: മരിച്ചവരിൽ ഒരു കുടുംബത്തിലെ 3 പേരും

ഒരു സർട്ടിഫിക്കറ്റിനും ന്യായീകരിക്കാനാവില്ല ഇത്രയും വയലൻസ്; കുട്ടികൾ മാർക്കോ സിനിമ കണ്ടാൽ എന്തു സംഭവിക്കും; മനശാസ്ത്ര വിദ​ഗ്ദർ പറയുന്നു…

ഒരു സർട്ടിഫിക്കറ്റിനും ന്യായീകരിക്കാനാവില്ല ഇത്രയും വയലൻസ്; കുട്ടികൾ മാർക്കോ സിനിമ കണ്ടാൽ എന്തു സംഭവിക്കും; മനശാസ്ത്ര വിദ​ഗ്ദർ പറയുന്നു…
December 28, 2024

“മാർക്കോ’യിലെ അഭിനേതാവ് കബീർ ദുഹാൻ സിംഗ് അഭിമുഖത്തിൽ പറഞ്ഞൊരു കാര്യം കേട്ടു. ‘ഒരു സീൻ ഉണ്ടായിരുന്നു.. പ്രഗ്നന്റ് ലേഡിയുടെ സീൻ. ഞാൻ വളരെ ഡിസ്റ്റർബ്ഡ് ആയിരുന്നു. നാലോ അഞ്ചോ ദിവസം ഉറങ്ങാൻ പോലും പറ്റിയില്ല. എന്റെ വൈഫിനെ വിളിച്ചും സംസാരിച്ചു. എന്നിട്ടും മനസിനു സുഖമായില്ല, ഉറക്കം കിട്ടുന്നില്ല. അങ്ങനെ ഡിസ്റ്റർബ്ഡ് ആയി തുടർന്നു. സിനിമ പൂർത്തിയാക്കിയപ്പോൾ ഞാൻ ഉത്തരാഖണ്ഡിലേക്ക് പോയി, മൂന്ന് ദിവസം ബ്രേക്ക് എടുത്തു, അവിടെ ആറു ക്ഷേത്രങ്ങൾ സന്ദർശിച്ചു. അവിടെ ഇരുന്ന് കണ്ണടച്ച് ധ്യാനിച്ചപ്പോളാണ് മനസ്സ് ശാന്തമായത്.’ ഷൂട്ടിൽ നിന്ന് അയാൾക്ക് അത്രയും അശാന്തിയുണ്ടായെങ്കിൽ ഇത് തീയേറ്ററിലെ നിശ്ശബ്ദതയിൽ കാണുന്നവർക്ക്‌ എത്ര മാത്രം ബുദ്ധിമുട്ടുണ്ടാകും? സ്വന്തം മനസ്സിനു അശാന്തി ഉണ്ടാക്കുന്ന ഒരു കാര്യം, മറ്റുള്ളവർക്കു വിളമ്പുന്നതിൽ എവിടെയാണ് എംപതിയുള്ളത്? എംപതിയില്ലെന്നു മാത്രമല്ല, അതിലൊരു ആന്റി സോഷ്യൽ പ്രവണതയുണ്ട് താനും,” മനോരോഗ ചികിത്സാവിദഗ്ധൻ ഡോ. സിജെ ജോൺ എഴുതിയ വാക്കുകളാണ് ഇത്.

“പുതിയ സിനിമകളിൽ വർധിച്ചുവരുന്ന വയലൻസിന്റെ ആവിഷ്കാരം, അതിനെ ശരിവയ്കുന്ന രീതിയിലാണ്. ചെയ്യുന്ന ആളുകൾക്ക് ചെയ്തത് തെറ്റായിപ്പോയി എന്ന തോന്നലില്ല, അതിനൊരു പ്രത്യാഘാതമുള്ളതായി കാണിക്കുന്നില്ല, ഈ സാഹചര്യങ്ങളിൽ ഇതാണ് ശരി, ഇതാണ് ചെയ്യേണ്ടത് എന്ന രീതിയിലാണ് സിനിമകളിൽ വയലൻസ് ആവിഷ്കരിക്കുന്നത്.”

“സിനിമകളിൽ വയലൻസ് വേണ്ട എന്നൊന്നും പറയുന്നില്ല, ചില സാഹചര്യങ്ങളിൽ ജീവിതത്തിലും കഥകളിലുമെല്ലാം വയലൻസ് വേണ്ടതായി വരും. കഥാഗതിയ്ക്ക് ചേർന്നിട്ടുള്ള രീതിയിൽ അതിനെ ആവിഷ്കരിക്കേണ്ടിയും വരും. എന്നാൽ ഇപ്പോൾ കണ്ടുവരുന്നത്, ലൈംഗികത, റൊമാൻസ്, ഹാസ്യം എന്നൊക്കെ പറയുന്നതുപോലെ വയലൻസിനെയും ഒരു വിനോദ ടൂളാക്കി മാറ്റുന്നതാണ്. ‘വയലൻസിനു വേണ്ടി വയലൻസ്’ എന്ന രീതിയിൽ പ്രസന്റ് ചെയ്യപ്പെടുന്നു. വയലൻസിന്റെ ഗ്രാഫിക് ഡീറ്റെയിൽസും പോലും ചിത്രീകരണത്തിൽ കടന്നുവരുന്നു.

പുതിയ കാലത്ത് ഇന്റർനെറ്റിന്റെയും ഒടിടിയുടെയുമെല്ലാം വ്യാപനം കാരണം ഇത്തരം ചിത്രങ്ങൾ എല്ലാതരം പ്രേക്ഷകരിലേക്കും എത്തുന്നുണ്ട്. അക്രമവും ഒരു വിനോദമാണ് എന്ന രീതിയിലാണ് ഇവിടെ ട്രീറ്റ് ചെയ്യപ്പെടുന്നത്. അതിനു സിനിമാക്കാരെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അത്തരം സിനിമകൾക്ക് ഒരു വലിയ ആസ്വാദകവൃന്ദം ഉണ്ടാവുന്നുണ്ട് എന്നതും യാഥാർത്ഥ്യമാണ്. പലരും അവരുടെ ഫ്രസ്ട്രേഷൻ തീർക്കാനുള്ള ഒന്നായും വയലൻസ് സിനിമകളെ നോക്കി കാണുന്നുണ്ട്.

“നമ്മുടെ സെൻസറിംഗിലും പ്രശ്നങ്ങളുണ്ട്. ‘മാർക്കോ’യുടെ കാര്യത്തിൽ ‘എ’ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പക്ഷേ വലിയ രീതിയിൽ അക്രമരംഗങ്ങളുള്ള പല ചിത്രങ്ങൾക്കും ‘U/A’ സർട്ടിഫിക്കറ്റാണ് നൽകുന്നത്. 12 വയസ്സുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കാണാം എന്ന ടാഗോടു കൂടിയാണ് അത് വരുന്നത്. ‘എ’ സർട്ടിഫിക്കറ്റ് എന്ന ന്യായം പറഞ്ഞാലും ഒടിടിയിലേക്ക് വരുമ്പോൾ ഇതെല്ലാം വ്യാപകമായി കാണപ്പെടുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. അതുകൊണ്ട് തന്നെ സർട്ടിഫിക്കേഷനു (ഫിലിം) വലിയ പ്രസക്തിയില്ലാതെയായി. ഇത് വലിയ അപകടമാണ്. അക്രമങ്ങളുടെ ബാഹുല്യമുള്ള സിനിമകൾ 18 വയസ്സിനു മുകളിലുള്ള ഓഡിയൻസിൽ മാത്രം ഒതുങ്ങണം, കുട്ടികളിലേക്ക് എത്താതിരിക്കാൻ കർശനമായ സംവിധാനങ്ങൾ ഉണ്ടാവണം, അത്തരം സംവിധാനങ്ങളൊന്നും നിർഭാഗ്യവശാൽ നമുക്കില്ല. മാതാപിതാക്കൾക്ക് ഇത്തരം കാര്യങ്ങളെ കുറിച്ച് വലിയ ബോധമില്ലാത്തതിനാൽ ആ തരത്തിലൊരു ജാഗ്രത ഉണ്ടാവുന്നുമില്ല.

ചില കണ്ടന്റുകൾ കുട്ടികൾക്കു ചേർന്നതല്ല, അതവരെ തെറ്റായി സ്വാധീനിക്കാൻ സാധ്യതയുണ്ട് എന്ന കാര്യത്തിൽ മാതാപിതാക്കൾക്കും സിനിമകൾ നിർമ്മിക്കുന്നവർക്കും ചിത്രങ്ങൾ സെൻസർ ചെയ്യുന്നവർക്കും ഒരുപോലെ ജാഗ്രത ഉണ്ടാവേണ്ടതുണ്ട്. കുട്ടികൾ, കൗമാരപ്രായക്കാർ, യുവാക്കൾ എന്നിവരിലാണ് ഇത്തരം സിനിമകൾ വലിയ രീതിയിൽ സ്വാധീനം ചെലുത്തുന്നത്. ഈ വിഭാഗം പ്രേക്ഷകരിൽ, സമാനമായ സന്ദർഭങ്ങൾ വന്നാൽ അതിനെ ആക്രമരീതികളിലൂടെ ആവിഷ്കരിക്കാനും ക്രൈം അനുകരിക്കാനുമുള്ള സാധ്യത കൂടുതലാണ്. മറ്റൊരു വസ്തുത, ഇത്തരം രക്തച്ചൊരിച്ചിൽ ആവർത്തിച്ച് ആവർത്തിച്ച് കാണുമ്പോൾ ‘അയ്യോ’ എന്നൊരു ഞെട്ടലിനു പകരം, ഇതു സ്വാഭാവികമല്ലേ എന്ന രീതിയിൽ അവർ ചിന്തിച്ചു തുടങ്ങുമെന്നതാണ്. ഈ തരത്തിൽ ഉപദ്രവിക്കപ്പെടുന്ന ഒരാളെ കൺമുന്നിൽ കണ്ടാലും ഉണ്ടാവേണ്ട സഹാനുഭൂതി (എംപതി) ഇല്ലാതെ പോവുകയും ചെയ്യും. വലിയ അപകടരംഗങ്ങളിലൊക്കെ ഒന്നും ചെയ്യാതെ വെറുതെ നോക്കി നിൽക്കുന്ന ആൾക്കൂട്ടങ്ങളെ നമ്മൾ വാർത്തകളിലും മറ്റും കാണുന്നില്ലേ?

കുട്ടികളിലും കൗമാരക്കാരിലും വയലൻസുള്ള സിനിമകളും പരമ്പരകളും സ്വാധീനം ചെലുത്തുമെന്ന് പല പഠനങ്ങളിലും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. തെളിവുകളും നമുക്കു മുന്നിലുണ്ട്, എല്ലാ ദിവസവും ചെറുപ്പക്കാർ തമ്മിൽ കുത്തും കൊലയുമൊക്കെ നടത്തുന്ന വാർത്തകൾ നമ്മൾ കാണുന്നുണ്ട്. സ്കൂൾ കുട്ടികൾക്കിടയിൽ പോലും വലിയ രീതിയിൽ വയലൻസ് വരുന്നുണ്ട്.

“വെബ് സീരീസുകളും മറ്റും ക്രൈമിനെ വല്ലാതെ നോർമലൈസ് ചെയ്യുന്നുണ്ട്. നന്മ നിറഞ്ഞ വയലൻസ്, തിന്മ നിറഞ്ഞ വയലൻസ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങൾ തന്നെ വന്നിട്ടുണ്ട് ക്രൈം ത്രില്ലർ സീരിസുകളിലൊക്കെ. എന്തൊരു അസംബന്ധമാണത്. വയലൻസ് ആരു കാണിച്ചാലും പ്രശ്നമാണ്, നന്മയാണോ തിന്മയാണോ എന്ന് ആരാണ് നിശ്ചയിക്കുന്നത്? ‘അവൻ അത് അർഹിക്കുന്നു, അവന്റെ കഴുത്ത് വെട്ടേണ്ടതാണ്’ എന്നു വളരെ ഇൻസെൻസിറ്റീവായി ചിന്തിക്കുന്ന, വയലൻസിനെ മഹത്വവത്കരിക്കുകയോ ശരിവയ്ക്കുകയോ ചെയ്യുന്ന ഒരു സമൂഹം രൂപപ്പെട്ടു വരുന്നുണ്ട്.

ആളുകൾ ഇതുപോലെ ഉപദ്രവകാരികളാവുമോ? ഇത്രയും അക്രമം കാണിക്കുമോ? എന്നൊക്കെയുള്ള സംശയത്തിന്റെ വിത്തും ഇത്തരം ചിത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടുന്നുണ്ട്. ചിലരെ സംബന്ധിച്ച് സിനിമയിലെ കഥാപാത്രങ്ങളുമായി എളുപ്പത്തിൽ ഐഡന്റിഫൈ ചെയ്യാൻ പറ്റും. നായകൻ പ്രതികാരം ചെയ്യുന്ന സാഹചര്യത്തിന് സമാനമായ അവസ്ഥയിലൂടെ കടന്നുപോവുന്ന വ്യക്തിയാവും ചിലപ്പോൾ സിനിമ കാണുന്നത്. എന്നോട് തെറ്റ് ചെയ്ത ഒരാളോട് ഇങ്ങനെ പെരുമാറുന്നതിൽ കുഴപ്പമൊന്നുമില്ല എന്ന് ആ പ്രേക്ഷകനു തോന്നിയാലോ? വയലൻസ് ഉള്ള ചിത്രങ്ങൾ കാണുന്ന എല്ലാവരും ഇങ്ങനെയൊക്കെ ചിന്തിക്കും എന്നല്ല പറയുന്നത്. ഇതിനൊക്കെ വൾനറബിളായ, സമാനമായ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോവുന്ന ഒരു വിഭാഗം മനുഷ്യർ നമ്മുടെ സമൂഹത്തിലുണ്ട്. അവരെക്കുറിച്ചു കൂടി ചിന്തിക്കാൻ തയ്യാറാവണം സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കലാകാരൻ.

” ഒരു സമൂഹത്തിൽ ഇതൊക്കെ ഉണ്ടാവും, നമുക്കിതിനെ മുഴുവനായും തടയാൻ പറ്റില്ല. സിനിമകളുടെ കച്ചവട താൽപ്പര്യത്തിനു മുൻതൂക്കം വരുമ്പോൾ ഇതൊക്കെ വന്നുകൊണ്ടിരിക്കും. പക്ഷേ, അപ്പോഴും ഉണ്ടാവേണ്ട ഒരു ജാഗ്രതയുണ്ട്. കൊതുകു വ്യാപകമാവുമ്പോൾ നമുക്ക് കൊതുകുജന്യ രോഗങ്ങളുണ്ടാവും. സത്യത്തിൽ അവിടെ കൊതുകിനെയല്ല കൊല്ലേണ്ടത്, കൊതുകിനെ ജനിപ്പിക്കുന്ന പരിസരമാണ് ഇല്ലാതാക്കേണ്ടതും നിയന്ത്രിക്കേണ്ടതും. അതുപോലെയാണ് ഇതും.

“വയലൻസിന്റെ കടന്നു കയറ്റത്തോടെ നല്ല റൊമാൻസും നർമ്മവുമൊക്കെ സിനിമയിൽ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. മുൻപു സിനിമകളെ രസകരമാക്കിയിരുന്ന പല എലമെന്റുകളും വയലൻസിന്റെ അതിപ്രസരത്തിൽ പിൻവാങ്ങിയിരിക്കുകയാണ്. നല്ല വിനോദം നൽകിയിരുന്ന രജനീകാന്തിനെ പോലെയുള്ള ആളുകൾ പോലും അവരുടെ സിനിമകളുടെ സ്റ്റൈൽ മാറ്റുന്ന കാഴ്ചയാണ് ‘ജയിലറി’ലൊക്കെ നാം കണ്ടത്. അവരൊന്നും ഈ പ്രവണതയോട് എതിരെ നിൽക്കുകയല്ല ചെയ്യുന്നത്, ആ ഓളത്തിൽ വീണുപോവുകയാണ്.

ഇതിനെ അഭിനന്ദിക്കുന്ന ഒരുവിഭാഗം ഓഡിയൻസ് വളർന്നുവരുന്നുണ്ട്. ഒരു സമൂഹത്തിൽ പൊതുവിൽ ഉണ്ടാവുന്ന മൂല്യച്യുതിയുടെയും അക്രമത്തോടുള്ള ആഭിമുഖ്യത്തിന്റെയും ഉദാഹരണമാണത്. പക്ഷേ, ഇതൊന്നും ആരെയും അലോസരപ്പെടുത്തുന്നില്ല. ഇത് ശരിയല്ല, ഇതിന്റെ ഡോസ് അധികമാവുന്നു, നിയന്ത്രണം വേണം, കഥാഗതിയ്ക്ക് ആവശ്യമുള്ള വയലൻസേ പാടുള്ളൂ, വയലൻസിന്റെ ഗ്രാഫിക്സ് ഡീറ്റെയിൽസ് പാടില്ല എന്നൊന്നും ആരും പറയുന്നില്ല. ഇത്രയും വയലൻസുള്ള സിനിമകൾ അടിക്കടി ഉണ്ടായിട്ട് എവിടെയാണ് നമ്മുടെ സാംസ്കാരിക നായകന്മാർ? സിനിമ ഇൻഡസ്ട്രിയിലെ ആളുകൾ പോലും ഈ പോക്ക് ശരിയല്ലെന്ന് പറയാൻ മടിക്കുന്നു. ഇത്രമാത്രം വയലൻസ്, ഇത്രയും ഡോസ് നമുക്ക് ആവശ്യമില്ല എന്നു പറയാൻ ആരാണ് ധൈര്യം കാണിക്കുന്നത്?” സിജെ ജോൺ ചോദിക്കുന്നു.

ഒരു സർട്ടിഫിക്കറ്റിനും ന്യായീകരിക്കാനാവില്ല ഇത്രയും വയലൻസ്: ഡോ. സന്ദീഷ് പി. ടി.

മനുഷ്യർക്കുള്ളിലെ മരണ സഹജാവബോധത്തെ (Death Instinct) ട്രിഗർ ചെയ്യുന്നതാണ് ഇത്തരം വയലൻസ് നിറഞ്ഞ ചിത്രങ്ങൾ എന്നാണ് കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. പി.ടി. സന്ദീഷ് പറയുന്നത്.

“സിഗ്മണ്ട് ഫ്രോയിഡിൻ്റെ അഭിപ്രായത്തിൽ, ഇറോസ് (Life Instinct), തനാറ്റോസ് (Death Instinct) എന്നിവയാണ് മനുഷ്യന്റെ പെരുമാറ്റത്തെ പ്രേരിപ്പിക്കുന്ന രണ്ട് ചാലകശക്തികൾ. തനാറ്റോസിനെ കുറിച്ച് പറയുമ്പോൾ, സ്വയം കൊല്ലാനോ മറ്റുള്ളവരെ ഉപദ്രവിക്കാനോ ഒക്കെയുള്ള ഒരു വാസന മനുഷ്യന്റെ ഉള്ളിലുണ്ടെന്നാണ് പറയപ്പെടുന്നത്. ഇവിടെ, മനുഷ്യന്റെ മരണ സഹജാവബോധത്തെ ട്രിഗർ ചെയ്യുന്ന രീതിയിലാണ് ഇത്തരം വയലൻസ് നിറഞ്ഞ പടങ്ങൾ വരുന്നത്. മനസിന്റെ ഉള്ളിൽ ഉറഞ്ഞുകിടക്കുന്ന അക്രമവാസനകളെ ഒക്കെ ഇത് സ്പർശിക്കുന്നുണ്ട്. നേരിട്ട് ചെയ്യാൻ പറ്റിയില്ലെങ്കിലും, ഇത്തരം സിനിമകൾ കാണുമ്പോൾ പ്രേക്ഷകരിൽ ഒരുവിഭാഗം ആളുകളെങ്കിലും അതുമായി ഐഡന്റിഫൈ ചെയ്യുന്നുണ്ട്.

സിനിമകളിൽ മാത്രമല്ല, കുട്ടികളിലേക്ക് എത്തുന്ന പല ഗെയിമുകളിലും വയലൻസിന്റെ അതിപ്രസരമുണ്ടെന്നു കൂടി സന്ദീഷ് കൂട്ടിച്ചേർക്കുന്നു. “നമ്മുടെ കുട്ടികൾ കളിക്കുന്ന ട്രെൻഡിംഗ് ഗെയിമുകൾ ശ്രദ്ധിച്ചാൽ മനസ്സിലാവും. പണ്ടൊക്കെ ഗെയിമുകൾ മുന്നോട്ടുവയ്ക്കുന്ന ഏറ്റവും വലിയ ടാസ്ക് ഒരാളെ വെടിവച്ചു കൊന്നിടുക എന്നതാണ്. എന്നാൽ ഇന്ന് ഏറ്റവും പൈശാചികമായി എങ്ങനെയൊരാളെ കൊല്ലാം എന്ന ചിന്തകളിലേക്കാണ് ഈ ഗെയിമുകൾ കുട്ടികളെ കൊണ്ടുപോവുന്നത്.

ഇത്തരം ഗെയിമുകളും, എക്സ്ട്രീം ക്രൈം സീരീസുകളും സിനിമകളുമെല്ലാം കുട്ടികളെ പരോക്ഷമായി ബാധിക്കുന്നുണ്ട്. സിനിമകൾ കണ്ട് ആരും വഴി തെറ്റില്ല എന്നൊക്കെ പലരും പറയുമ്പോഴും, ഒബ്സെർവേഷൻ ലേണിംഗ് എന്നൊരു കാര്യമുണ്ട്. കാണുന്ന കാര്യങ്ങളെ ഇമിറ്റേറ്റ് ചെയ്യാനുള്ള പ്രവണത കുട്ടികളിലും കൗമാരക്കാരിലുമെല്ലാം ഉണ്ട്. ലഹരി വസ്തുക്കളോ മദ്യമോ ഉപയോഗിക്കുന്നതിനു സമാനമാണിത്. ആദ്യം ഒരു പെഗ്ഗിൽ തൃപ്തി തോന്നിയേക്കാം, പതിയെ അതിന്റെ തീവ്രത കൂട്ടിയാലേ ‘കിക്ക് കിട്ടൂ’ എന്നാവും. ക്രൈമും അങ്ങനെയാണ്. ഈ പ്രവണത കൂടികൂടിവന്നാൽ ആളുകളുടെ ചിന്തകളിലും കാഴ്ചപ്പാടുകളിലും (കോഗ്നിറ്റീവ് റീസ്ട്രക്ചറിംഗ്) മാറ്റം സംഭവിക്കും. കൊലയല്ല, അരുംകൊല കാണുന്നതാണ് സന്തോഷം എന്ന അവസ്ഥ വരും. അത്തരം അരുംകൊലകൾ കാണുമ്പോൾ അവരിൽ ഡോപമിൻ ഉത്പാദനം കൂടും. വയലൻസിൽ സന്തോഷം കണ്ടെത്താൻ തുടങ്ങിയാൽ, എന്തിനെയും ക്രൂരമായി സമീപിക്കാനുള്ള പ്രവണത വരും. അതുകൊണ്ട്, ഇത്തരം സിനിമകൾ ചെയ്യുമ്പോൾ സിനിമാപ്രവർത്തകർക്ക് ഒരു സോഷ്യൽ കമിറ്റ്മെന്റ് കൂടി വേണം. സിനിമയുടെ സാമ്പത്തിക ലാഭം, ബോക്സ് ഓഫീസ് കളക്ഷൻ എന്നിവ മാത്രം നോക്കാതെ, സോഷ്യൽ കമ്മിറ്റ്മെന്റോടെ ചെയ്യുക. അല്ലെങ്കിൽ വളരെ ഇംപൽസീവായി ചിന്തിക്കുന്ന പ്രേക്ഷകരെ അതു നെഗറ്റീവായി ബാധിക്കും. സമൂഹത്തോട് ചെയ്യുന്ന വലിയൊരു ചതി കൂടിയാണിത്.

‘എ’ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്, കാണേണ്ടവർ കണ്ടാ മതി’ എന്ന ലഘൂകരണ വാദമൊന്നും ഇവിടെ വിലപോവില്ല. ഏതെങ്കിലും രീതിയിൽ ഇതു കുട്ടികളിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്. സർട്ടിഫിക്കറ്റ് നോക്കിയല്ലല്ലോ കുട്ടികൾ സിനിമ കാണുന്നത്. കാണാൻ പറ്റില്ലെന്നു പറയുമ്പോൾ അതു കാണാനും, എന്താണ് സിനിമയ്ക്ക് അകത്തുള്ളതെന്ന് അറിയാനുമാവും ത്വര. എക്സ്ട്രീം വയലൻസിനെ നോർമലൈസ് ചെയ്യുന്ന സിനിമകൾ പക്വമായ മാനസികാവസ്ഥയും മനോബലവുമുള്ള വ്യക്തികളിൽ സ്വാധീനം ചെലുത്തണമെന്നില്ല. എന്നാൽ അതുപോലെയല്ല, സങ്കീർണ്ണമായ മനോനിലയുള്ളവർ ഈ ചിത്രങ്ങൾ കാണുന്നത്. ആ കാഴ്ച അവരെ ട്രിഗർ ചെയ്യും. എന്തിന്റെ പേരിലായാലും, മെയിൻ സ്ട്രീം സിനിമ ഇത്തരം വയലൻസിനെ ആഘോഷിക്കുന്നത് അപകടകരമാണ്.

Related Articles
News4media
  • Kerala
  • News
  • Top News

ശബരിമല സന്നിധാനത്ത് അനധികൃത മദ്യവില്പന; നാലര ലിറ്റര്‍ വിദേശമദ്യവുമായി ഹോട്ടല്‍ ജീവനക്കാരന്‍ പിടിയിൽ;...

News4media
  • Kerala
  • News
  • Top News

സമ്മാനം കിട്ടിയില്ലെന്ന് പറഞ്ഞ് പ്രതിഷേധിക്കാൻ ആരും വരണ്ട, ജഡ്ജസിനെതിരെ പ്രതിഷേധം അനുവദിക്കില്ല; സംസ...

News4media
  • Kerala
  • News
  • Top News

‘മോക്ഷം പ്രാപിക്കാൻ’ വിഷം ? 4 പേർ ഹോട്ടൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ: മരിച്ചവ...

News4media
  • Entertainment
  • News4 Special

മാർക്കോ…വയലൻസ് ഉള്ള കാർട്ടൂൺ പോലൊരു സിനിമ; ഇതിലും ഭേദം പബ്ജി കളിക്കുന്നതാ…സിനിമ റിവ്യൂ

News4media
  • Kerala
  • News

ടെലിഗ്രാം ഗ്രൂപ്പ് വഴി മാർക്കോ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചത് ആലുവ സ്വദേശി; ആക്വിബ് ഹനാനെ ക...

© Copyright News4media 2024. Designed and Developed by Horizon Digital