നെസ്ലെയുടെ NAN അടക്കം ബേബി ഫുഡ്‌സില്‍ വിഷാംശത്തിന്റെ സാന്നിധ്യം; മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
പ്രമുഖ ഭക്ഷ്യോൽപ്പന്ന നിർമാതാക്കളായ നെസ്‌ലെ അവരുടെ ചില ശിശു പോഷകാഹാര ഉൽപ്പന്നങ്ങൾ മുൻകരുതൽ നടപടിയായി തിരിച്ചുവിളിച്ചു.
ഉൽപ്പന്നങ്ങളിൽ വിഷാംശം കലർന്നിട്ടുണ്ടാകാമെന്ന സംശയത്തെ തുടർന്നാണ് നടപടി. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന നെസ്‌ലെ ഉൽപ്പന്നങ്ങൾ ഈ റിക്കോളിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും, ഇന്ത്യൻ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ജനുവരി 6ന് നെസ്‌ലെ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, ചില ബാച്ചുകളിലെ പാൽപ്പൊടികളിൽ ‘സെറൂലൈഡ്’ (Cereulide) എന്ന വിഷാംശം അടങ്ങിയിരിക്കാനുള്ള സാധ്യത കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ഈ വിഷാംശം കുട്ടികളിൽ ഛർദ്ദി, തളർച്ച, വയറുവേദന തുടങ്ങിയ അസ്വസ്ഥതകൾ സൃഷ്ടിക്കാമെന്നാണ് വിലയിരുത്തൽ.
ഇതിനെ തുടർന്നാണ് ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി ഉൾപ്പെടെ 31 യൂറോപ്യൻ രാജ്യങ്ങളിലും ലാറ്റിൻ അമേരിക്കയിലെ മൂന്ന് രാജ്യങ്ങളിലും ഹോങ്കോങ്ങിലും വിൽപ്പന നടത്തിയ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചത്.
ഇന്ത്യയിൽ വിപണിയിലുള്ള NAN PRO, Lactogen Pro തുടങ്ങിയ നെസ്‌ലെ ബ്രാൻഡുകൾ നിലവിൽ റിക്കോൾ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. എന്നാൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ പട്ടികയിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്ന് കമ്പനി അറിയിച്ചു.
ബാസിലസ് സെറസ് (Bacillus cereus) എന്ന ബാക്ടീരിയ ഉൽപ്പാദിപ്പിക്കുന്ന വിഷാംശമാണ് സെറൂലൈഡ്. ചൂടിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതായതിനാൽ, പാൽപ്പൊടി കലക്കിയ വെള്ളം തിളപ്പിച്ചാലും വിഷാംശം നശിക്കില്ലെന്നതാണ് പ്രധാന അപകടസാധ്യത.
കുഞ്ഞിന് പാൽ നൽകിയ ശേഷം അമിത ഛർദ്ദി, അസാധാരണമായ തളർച്ച, ഭക്ഷണം കഴിക്കാൻ മടി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.
പാൽപ്പൊടി തയ്യാറാക്കുമ്പോൾ കർശനമായ ശുചിത്വം പാലിക്കണമെന്നും, വിദേശത്ത് നിന്ന് വാങ്ങിയ ശിശു പോഷകാഹാര ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർ ബാച്ച് നമ്പറുകൾ നിർബന്ധമായും പരിശോധിക്കണമെന്നും മുന്നറിയിപ്പുണ്ട്.
നെസ്‌ലെയുടെ അസംസ്‌കൃത വസ്തുക്കൾ വിതരണം ചെയ്യുന്ന ഘട്ടത്തിലാണ് പ്രശ്നം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ ഈ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ആര്ക്കും അസുഖം റിപ്പോർട്ട് ചെയ്തിട്ടില്ല.
English Summary
Nestlé has recalled certain batches of its baby nutrition products after a possible contamination with the toxin Cereulide was detected. The recall affects products sold in 31 European countries, parts of Latin America, and Hong Kong. Nestlé clarified that products sold in India, including NAN Pro and Lactogen Pro, are not part of the recall at present. Cereulide, produced by Bacillus cereus bacteria, can cause vomiting and other health issues in infants and is heat-resistant. Health experts have advised parents to remain cautious and seek medical help if symptoms appear.
nestle-recalls-baby-formula-over-toxin-concerns
Nestle, baby food recall, infant formula, Cereulide toxin, Bacillus cereus, child health, food safety, global recall









