കോൺഗ്രസ് നേതാക്കളെ വീണ്ടും “ശശി”യാക്കി തരൂർ
ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തെ വീണ്ടും വെട്ടിലാക്കി ശശി തരൂർ എംപി.
ഇസ്രയേൽ എംബസിയുടെ വിരുന്നിൽ പങ്കെടുത്താണ് തരൂർ ഇത്തവണ കോൺഗ്രസ് നേതൃത്വത്തിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്.
പലസ്തീനിലും ഇറാനിലും ഇസ്രയേൽ നടത്തിയ ആക്രമണങ്ങളെ സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ അപലപിച്ചിരുന്നു.
ഇതിനിടെയാണ് തരൂർ ഇസ്രയേൽ സ്ഥാനപതിയുടെ സത്ക്കാരം സ്വീകരിച്ചത്.
ശശി തരൂർ എംപി ഇസ്രയേൽ എംബസിയുടെ വിരുന്നിൽ പങ്കെടുത്തത് പാർട്ടിയെ അറിയിക്കാതെയായിരുന്നുവെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.
പലസ്തീനിലും ഇറാനിലും ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പലവട്ടം ചോദ്യം ചെയ്തിരുന്നു.
ഇസ്രയേലിന്റെ നടപടികളിൽ ഇന്ത്യ പാലിക്കുന്ന മൗനം മൂല്യങ്ങൾ അടിയറ വയ്ക്കുന്ന നടപടിയാണെന്നായിരുന്നു ഒരു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ സോണിയ ഗാന്ധി വിമർശിച്ചത്.
ഇതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് നേതാവ് ശശി തരൂർ ഇസ്രയേൽ എംബസി സംഘടിപ്പിച്ച വിരുന്ന് സത്ക്കാരത്തിൽ പങ്കെടുത്തത്.
കഴിഞ്ഞ 27നാണ് ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി റൂവൻ അസറിന്റെ വസതിയിൽ നടന്ന വിരുന്നിൽ ശശിതരൂർ പങ്കെടുത്തത്.
ഉച്ചയൂണിനൊപ്പം പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളെക്കുറിച്ചുള്ള ചർച്ചയുണ്ടാവുമെന്നും
വിദേശകാര്യ പാർലമെന്ററി സമിതിയുടെ അധ്യക്ഷനായ ശശിതരൂർ ഉൾപ്പെടെ ഏതാനും എംപിമാർ പങ്കെടുക്കുമെന്നും വ്യക്തമാക്കിയാണ് സ്ഥാനപതി മറ്റു പലരെയും ക്ഷണിച്ചത്.
തരൂരിനു പുറമെ, കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, ബിജെപിയുടെ രാജ്യസഭാംഗം കിരൺ ചൗധരി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തതായാണ് വിവരം.
തരൂരിന്റെ സമീപകാല നിലപാടുകളോട് യോജിക്കാത്തപ്പോഴും ഓരോ നടപടിയും ചർച്ചയാക്കാൻ
കോൺഗ്രസ് താൽപര്യപ്പെടുന്നില്ലെന്നും തരൂർ സ്വയം തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
ക്യാപ്റ്റൻ – മേജർ തർക്കത്തിന് പിന്നാലെ ഖദർ വിവാദം
തിരുവനന്തപുരം: ക്യാപ്റ്റൻ – മേജർ തർക്കത്തിന് പിന്നാലെ ഖദർ വിവാദം ചൂടുപിടിക്കുകയാണ് കോൺഗ്രസിൽ .
യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസമെന്ന അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചയ്ക്ക് കാരണം.
വസ്ത്രമേതായാലും മനസ് നന്നായാൽ മതിയെന്നാണ് കെ എസ് ശബരീനാഥന്റെ തിരിച്ചടി. ഫേസ്ബുക്ക് വാളുകൾ ഇപ്പോൾ ചർച്ചകളും വിമർശങ്ങളും കൊണ്ട് നിറയുകയാണ്.
യുവനേതാക്കൾ കൂടുതലും ഖാദി ഒഴിവാക്കി, കളർ വസ്ത്രങ്ങൾ ധരിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു അജയ് തറയിലിന്റെ വിമർശന പോസ്റ്റ് .ഖദർ വസ്ത്രവും മതേതരത്വവുമാണ് കോൺഗ്രസിന്റെ അസ്തിത്വം.
മുതലാളിത്തത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധമാണ് ഖദർ.ഖദർ ഒഴിവാക്കുന്നതാണ് ന്യൂജെൻ എന്ന ധാരണ, മൂല്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. അത് അനുകരിക്കുന്നത് കാപട്യമെന്നും അജയ് തറയിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഖദർ വിമർശനം ചർച്ചയായതോടെ കെ എസ് ശബരീനാഥൻ ഫേസ്ബുക്കിൽ തന്നെ മറുപടിയുമായെത്തി. തൂവെള്ള ഖദർ വസ്ത്രത്തെ ഗാന്ധിയൻ ആശയങ്ങളുടെ ലാളിത്യത്തിന്റെ പ്രതീകമായി ഇപ്പോൾ കാണാൻ കഴിയില്ലെന്നായിരുന്നു ശബരീനാഥൻ നൽകിയ മറുപടി.
ഖദർ ഷർട്ട് സാധാരണ വസ്ത്രം പോലെ വീട്ടിൽ കഴുകി ഇസ്തിരിയിടുന്നത് ബുദ്ധിമുട്ടാണ്. ഒരു ഖദർ ഡ്രൈക്ലീൻ ചെയ്യുന്ന ചിലവിൽ അഞ്ച് കളർ ഷർട്ട് ചെയ്യാനാവുമെന്നും പരിഹാസ രൂപേണ ശബരീനാഥൻ വ്യക്തമാക്കി.
വസ്ത്രധാരണം അടിച്ചേൽപ്പിക്കേണ്ടതല്ലെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം.
കാലത്തിനനുസരിച്ചുള്ള മാറ്റം വേണമെന്നായിരുന്നു ഈ വിഷയത്തിൽ ഭൂരിഭാഗം നേതാക്കളുടെയും പ്രതികരണം. ക്യാപ്റ്റൻ – മേജർ തർക്കത്തിൽ പാർട്ടിക്കുള്ളിൽ നിന്നുതന്നെ വലിയ വിമർശനമാണ് ഉയർന്നത്.
എന്നാൽ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ മറ്റ് ചർച്ചകളിലേക്ക് വഴിമാറി പോകുന്നത് ഗുണകരമാകില്ലെന്നും വിലയിരുത്തലും പാർട്ടിക്കുള്ളിൽ ഉണ്ട്.
English Summary:
MP Shashi Tharoor has once again put the Congress leadership in a difficult position by attending a reception hosted by the Israeli Embassy, causing fresh headaches for the party.









