29 വര്‍ഷങ്ങള്‍ക്കു മുന്‍പ് റിലീസ് ചെയ്ത മമ്മൂട്ടിച്ചിത്രമാണ് വിധേയൻ. മമ്മൂട്ടി എന്ന മഹാനടൻ അക്ഷരാർഥത്തിൽ അനശ്വരമാക്കിയ ചിത്രമാണിത്. ഭാസ്‌കര പട്ടേലര്‍ എന്ന പ്രധാന കഥാപാത്രമായി മമ്മൂട്ടി വേഷമിട്ട ചിത്രം ഇന്നും സിനിമാപ്രേമികൾക്ക് ഹരമാണ്. സക്കറിയുടെ ‘ഭാസ്കര പട്ടേലും എന്റെ ജീവിതവും’ എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തി സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് വിധേയൻ ഒരുക്കിയത്. 1993ലെ കേരള സർക്കാരിന്റെ മികച്ച നടനും ചിത്രത്തിനും സംവിധായകനും ഉൾപ്പെടെ 5 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ചിത്രം നേടിയിരുന്നു. കാലമേറെ കഴിഞ്ഞിട്ടും വിധേയനിലെ ആസ്വാദനം അവസാനിച്ചിട്ടില്ല എന്നാണ് കഴിഞ്ഞ ദിവസം ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിച്ചപ്പോൾ കണ്ടത്. വലിയ സ്വീകാര്യതയാണ് ‘വിധേയനു’ ലഭിച്ചത്
മികച്ച കലാസൃഷ്ടികള്‍ എന്നെന്നും ഓർത്തിരിക്കുന്നത് സാധാരണമാണ്. എന്നാൽ ഒരു ചിത്രം കാലത്തെ അതിജീവിക്കുക എന്നത് അപൂർവ്വമായി സംഭവിക്കുന്ന ഒന്നാണ്. അത്തരത്തിലൊരു ചിത്രമാണ് വിധേയൻ എന്ന് കാലം വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ‘വിധേയന്‍’ എന്ന ടൈറ്റില്‍ സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ വലിയ കയ്യടികളോടെയാണ് കാണികൾ വരവേറ്റത്. നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച ചിത്രത്തിലെ പ്രധാനപ്പെട്ട ഡയലോഗുകൾക്കും രംഗങ്ങൾക്കും എല്ലാം ആളുകൾ ആർപ്പുവിളിയോടെ പിന്തുണയേകി. റീമാസ്റ്റർ ചെയ്ത പുതിയ പതിപ്പാണ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചത്. മൂന്ന് പതിറ്റാണ്ട് മുമ്പ് ഇറങ്ങിയ ചിത്രം പുതിയ ടെക്നോളജിയിൽ എത്തിയപ്പോൾ കാണികൾ പരമാവധി ആസ്വദിച്ചു.