കുരങ്ങന്മാർ നാട്ടിലിറങ്ങിയാൽ പൊതുവെ പ്രശ്നക്കാരാണ്. കയ്യിലിരിക്കുന്ന ആഹാരസാധനങ്ങൾ തട്ടിപ്പറിക്കുക, എന്തെങ്കിലുമൊക്കെ എടുത്ത് എറിയുക, തുടങ്ങി ഒപ്പിക്കാത്ത പണികൾ വിരളം. എന്നാൽ കുരങ്ങൻ കാരണം ഒരു ദിവസം മുഴുവൻ വെള്ളവും വൈദ്യുതിയും ഇല്ലാത്ത അവസ്ഥ വന്നാലോ ? ശ്രീലങ്കയിൽ അടുത്തിടെ സംഭവിച്ചത് അതാണ്.
കഴിഞ്ഞ ഞായറാഴ്ചച്ച ശ്രീലങ്കയിലെ ഒരു ഇലക്ട്രിക്കൽ ഗ്രിഡ് സബ് സ്റ്റേഷനിൽ നുഴഞ്ഞുകയറിയ ഒരു കുരങ്ങനാണ് പണിയൊപ്പിച്ചത്. സൗത്ത് കൊളംബോയിലെ ഇലക്ട്രിക്കൽ ഗ്രിഡ് സബ് സ്റ്റേഷനിലാണ് കുരങ്ങൻ കയറിയത്.
രാവിലെ 11.30 ഓടു കൂടി ഗ്രിഡ് ട്രാൻസ്ഫോർമറിൽ കയറ്ററിപ്പറ്റിയ കുരങ്ങൻ വൈദ്യുതി കളയുകയായിരുന്നു എന്ന് ഊർജ്ജ മന്ത്രി കുമാര ജയക്കൊടി മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാവിലെ 11.30 -ന് പോയ വൈദ്യുതി എല്ലാ പ്രശ്നവും പരിഹരിച്ച് തിരികെ വന്നത് വൈകുന്നേരം ആറ് മണിക്കാണ്. വൈദ്യുതി മുടങ്ങിയത് ഇവിടെ ജലവിതരണം മുടങ്ങാനും കാരണമായി.