കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിലുണ്ടാകുന്ന തോല്‍വി ഭയന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോകുന്നതെന്ന് തൃശൂർ മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാർഥി കെ. മുരളീധരന്‍. മുഖ്യന്ത്രി പിണറായി വിജയന്‍ ദൈവവിശ്വാസി അല്ലാത്തതിനാല്‍ വിദേശത്തേക്കാവും ഒളിച്ചോടുകയെന്നും മുരളീധരൻ പരിഹസിച്ചു. വടകരയില്‍ ‘കാഫിര്‍’ പ്രചാരണം നടത്തിയവരെ കണ്ടെത്തുക എന്നാവശ്യപ്പെട്ട് യു.ഡി.എഫ്. നടത്തിയ എസ്.പി. ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടകര സ്ഥാനാർഥി കെ കെ ശൈലജക്കെതിരെയും മുരളീധരൻ രൂക്ഷ വിമർശനം നടത്തി. ഹമാസ് വിരുദ്ധ പ്രസ്താവന നടത്തിയപ്പോള്‍ ശൈലജ ടീച്ചര്‍ അന്ന് കരുതിയില്ല, വടകരയില്‍ സ്ഥാനാര്‍ഥിയാവുമെന്ന്. അതിന്റെ വികാരം ഈ നിയോജക മണ്ഡലത്തിലും കേരളത്തിലും ഒക്കെ ഉണ്ടായിട്ടുണ്ട്. അത് തന്നെ വേട്ടയാടുന്നു എന്ന തോന്നലിലാണ്, എന്നാല്‍പ്പിന്നെ മറ്റെന്തെങ്കിലും ഉണ്ടാക്കാന്‍ ശ്രമിക്കാം എന്ന് കരുതിയത് എന്നും മുരളീധരൻ പറഞ്ഞു.
ടീച്ചറുടെ തന്നെ ബുദ്ധിയില്‍ ഉദിച്ചതാണോ എന്ന് അറിയില്ല. ഏതായാലും ഏതോ ചില ജനാധിപത്യവിരുദ്ധര്‍ ഇങ്ങനെ ചില പ്രവൃത്തി നടത്തി എം.എസ്.എഫുകാരന്റെ പേരില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചു. അത് താനല്ല, നടപടി വേണമെന്ന് ആ വ്യക്തിതന്നെ പോലീസില്‍ പരാതിയും നല്‍കി. ഈ സാഹചര്യത്തില്‍ വര്‍ഗീയ പ്രചാരണത്തില്‍ കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടി എടുത്തില്ലെങ്കില്‍ ഭാവിയില്‍ സമരം ശക്തമാക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
നാലാം തീയതി കഴിഞ്ഞാല്‍ ഞങ്ങള്‍ വീണ്ടും കേസ് കൊടുക്കും. പരാതിയില്‍ കേസ് കൃത്യമായി അന്വേഷിക്കാത്തതിന് പോലീസിനെയും പ്രതിചേര്‍ക്കും. കേസ് അന്വേഷിക്കാത്തതില്‍ അകത്ത് പോകുന്നത് പിണറായി വിജയന്‍ ആയിരിക്കും. എല്ലാ കാലവും പിണറായി വിജയന്‍ സംരക്ഷിക്കുമെന്ന് ആരും കരുതേണ്ട. രണ്ട് കൊല്ലം കഴിഞ്ഞാല്‍ പിണറായി വിജയന്‍ വല്ല അയര്‍ലണ്ടിലേക്കും പോകും. അതിന് ഇപ്പോള്‍ത്തന്നെ അദ്ദേഹം പരിശീലനം നടത്തിയിട്ടുണ്ട്. ഭാവിയില്‍ താമസിക്കാനുള്ള കേന്ദ്രങ്ങളെല്ലാം പിണറായി വിജയന്‍ ഇപ്പോള്‍ത്തന്നെ നോക്കിവെച്ചിട്ടുണ്ടെന്നും കെ മുരളീധരന്‍ പരിഹസിച്ചു.
Read Also: കടയിൽ പോയ പെൺകുട്ടിയെ തടഞ്ഞു നിർത്തി പണം തട്ടി; എതിർത്തപ്പോൾ മുടി മുറിച്ചതായി പരാതി
Read Also: പ്രധാനമന്ത്രി മോദി ഇന്ന് കന്യാകുമാരിയിൽ; വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കും; അതീവ സുരക്ഷ