സഹമന്ത്രി സ്ഥാനം ലഭിച്ചതിലെ അതൃപ്തിയെ തുടർന്ന് സുരേഷ് ഗോപി കേന്ദ്ര മന്ത്രി പദവി ഒഴിഞ്ഞെക്കുമെന്ന തരത്തിലുള്ള വാർത്തകളാണ് ഇന്ന് രാവിലെ മുതല്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. തൃശൂരില്‍ മികച്ച വിജയം നേടിയ സുരേഷ് ഗോപി ക്യാബിനറ്റ് പദവി പ്രതീക്ഷിച്ചിരുന്നു. ഇത് ലഭിക്കാത്തതിലെ അതൃപ്തികാരണം ലഭിച്ച സഹമന്ത്രി പദവി ഉപേക്ഷിക്കുന്നുവെന്നായിരുന്നു പ്രചരണം. എന്നാല്‍ ഇത്തരം പ്രചരണങ്ങളില്‍ അടിസ്ഥാനമില്ലെന്നാണ് സുരേഷ് ഗോപി തന്നെ വ്യക്തമാക്കുന്നത്. (Suresh Gopi won’t resign as Union Minister)
മന്ത്രിസഭയിൽ നിന്ന് രാജിവെക്കുന്നത് അജണ്ടയിൽ ഇല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. സിനിമകൾ ചെയ്ത് തീർക്കുന്നതുമായി ബന്ധപ്പെട്ട ചില ധാരണകൾ ഉണ്ടാക്കേണ്ടതുണ്ടെന്നും നിയുക്ത തൃശൂർ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. സിനിമ തന്‍റെ പാഷനാണന്ന കാര്യം പ്രധാനമന്ത്രിക്ക് അറിയാം. സിനിമകള്‍ ചെയ്തുതീര്‍ക്കാനുള്ള പദ്ധതികള്‍ കൈവശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“കോടികളുടെ സിനിമ പ്രൊജക്ട് തീർക്കാനുണ്ട്. ഇത് പൂർത്തീകരിക്കേണ്ടതുണ്ടെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എംപി എന്ന നിലയിൽ വികസന പദ്ധതികളുടെ മേല്‍നോട്ടത്തിന് സാധിക്കും. പ്രധാനമന്ത്രി പറയുന്ന എന്ത് കാര്യവും അനുസരിക്കും,” സുരേഷ് ഗോപി വ്യക്തമാക്കി.
സിനിമ തിരക്കുകള്‍ ഉള്ളതിനാല്‍ മന്ത്രിസഭയുടെ ഭാഗമാകാന്‍ താല്‍പര്യമില്ലെന്ന് സുരേഷ് ഗോപി തുടക്കത്തില്‍ അറിയച്ചതായും സൂചനയുണ്ട്. 4 സിനിമകള്‍ക്കായി ഇതിനോടകം തന്നെ താരം കരാറിലേർപ്പെട്ടിട്ടുണ്ട്. ജെഎസ്കെ, ഒറ്റക്കൊമ്പന്‍, മമ്മൂട്ടി കമ്പനിയുടെ ചിത്രം തുടങ്ങിയവയാണ് സുരേഷ് ഗോപിയുടെ അടുത്തതായി വരാനിരിക്കുന്ന ചിത്രങ്ങള്‍.
Read More: ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല
Read More: അയർലൻഡ് കൗൺസിൽ തിരഞ്ഞെടുപ്പ്; മലയാളികളായ അച്ഛനും മകനും ഗംഭീര വിജയം