ഭോപ്പാൽ: ബൈക്ക് യാത്രയ്ക്കിടയിൽ പോക്കറ്റിൽ കിടന്ന് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. മദ്ധ്യപ്രദേശിലെ രാജ്ഗർ ജില്ലയിലുള്ള സാരംഗ്പൂരിലാണ് ഇത്തരത്തിലൊരു അപകടം നടന്നത്.
സംഭവത്തിൽ ഗുരുതര പരിക്കുകളോടെ അരവിന്ദ് എന്ന 19 വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം.
നൈൻവാഡ സ്വദേശിയായ യുവാവ് മാർക്കറ്റിൽ നിന്ന് പച്ചക്കറി വാങ്ങിയ ശേഷം ബൈക്കിൽ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങവെയാണ് അപകടം. അപകടത്തിൽ യുവാവിന്റെ തുടയിലും, സ്വകാര്യ ഭാഗങ്ങളിലും സാരമായി പൊള്ളലേറ്റിട്ടുണ്ട്. മാത്രമല്ല പൊട്ടിത്തെറിയുടെ ആഘാതത്തിൽ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി റോഡിൽ വീണതിനെ തുടർന്ന് തലയ്ക്കും പരിക്കേറ്റു.
അപകടം നടന്ന ഉടൻ തന്നെ സാംരഗ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അരവിന്ദിനെ പരിക്കുകൾ ഗുരുതരമായതിനെ തുടർന്ന് ഷാജപൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
യുവാവ് അടുത്തിടെ വാങ്ങിയ മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. വീട്ടിൽ നിന്നിറങ്ങി മണിക്കൂറുകൾക്കകമാണ് സംഭവം. അപകടനില തരണം ചെയ്ത യുവാവ് ചികിത്സയിൽ തുടരുകയാണ്.