മലപ്പുറം: താനൂരിൽ നിന്നും നാടുവിട്ട് പോയ വിദ്യാർത്ഥിനികൾ പൊലീസ് സംഘത്തോടൊപ്പം നാട്ടിൽ തിരിച്ചെത്തി. ഗരിബ് എക്‌സ്പ്രസിൽ 12 മണിയോടെയാണ് തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. കുട്ടികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തും. സിഡബ്ല്യുസിക്ക് മുമ്പാകെയും കുട്ടികളെ ഹാജരാക്കേണ്ടതുണ്ട്. ഇരുവരെയും കൗൺസിലിംഗിന് വിധേയരാക്കിയ ശേഷം മാത്രമേ വീട്ടുകാർക്ക് വിട്ടു നൽകു.
അതേസമയം കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാടുവിടാൻ സഹായിച്ച റഹിം അസ്ലമിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. നിലവിൽ റഹീം പൊലീസ് കസ്റ്റഡിയിലാണുള്ളത്. മുംബൈയിൽ നിന്ന് മടങ്ങിയ റഹിം അസ്ലത്തെ തിരൂരിൽ നിന്നാണ് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ബുധനാഴ്ചത്തെ പരീക്ഷ എഴുതാനായി സ്കൂളിലേക്കെന്ന് പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നും പുറപ്പെട്ടത്. എന്നാൽ കുട്ടികൾ പരീക്ഷയ്ക്ക് എത്തിയിരുന്നില്ല. തുടർന്ന് താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ വീട്ടുകാരെ വിളിച്ചപ്പോഴാണ് ഇരുവരും വീട്ടിൽ നിന്നും പുറപ്പെട്ടിരുന്നു എന്ന കാര്യം അറിയുന്നത്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള പ്രത്യേക പരീക്ഷ സ്കൂളിൽ നടക്കുന്നുണ്ടായിരുന്നു. ഈ പേരും പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നുമിറങ്ങിയത്.
ഇതിനിടെ പെൺകുട്ടികൾ മുംബൈയിലെ സലൂണിൽ എത്തി മുടിവെട്ടിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഹെയർ ട്രീറ്റ്‌മെന്റിനായി പതിനായിരം രൂപയാണ് പെൺകുട്ടികൾ സലൂണിൽ ചെലവഴിച്ചത്.