സമൂഹമാധ്യമങ്ങളിൽ വൈറലാവാനായി ആളുകൾ എന്തും കാട്ടിക്കൂട്ടുന്ന കാലമാണ്. ഇതുമൂലം ഉണ്ടാകുന്ന അപകടങ്ങളും നിരവധി. അത്തരം ഒരു അപകടമാണ് കഴിഞ്ഞദിവസം പത്തനംതിട്ടയിൽ ഉണ്ടായത്. റീൽസ് എടുക്കാനായി ആറ്റിലേക്ക് ചാടിയ 19 കാരനാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ യുവാവ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
സംഭവം ഇങ്ങനെ:
സമൂഹമാധ്യമങ്ങളിൽ റീൽസ്ഇടുന്നതിനായി വീഡിയോ എടുക്കാനാണ് യുവാവ് പാലത്തിൽ നിന്നും താഴേക്ക് ചാടിയത്. പത്തനംതിട്ട എലിമുള്ളുംപ്ലാക്കൽ സ്വദേശിയായ സുധിമോനാണ് ഈ സാഹസം കാട്ടിയത്. ബുധനാഴ്ച വൈകിട്ട് 3:00 മണിയോടെ തണ്ണിത്തോട് മുണ്ടോമുടി പാലത്തിൽ നിന്നും സുധിമോൻ കല്ലാറ്റിലേക്ക് ചാടുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് യുവാവ് അപകടത്തിൽപ്പെട്ടതായി പുറംലോകം അറിയുന്നത്. സുഹൃത്തുക്കളോട് വീഡിയോ എടുക്കാൻ പറഞ്ഞശേഷം പാലത്തിൽ നിന്ന് താഴേക്ക് ചാടുന്ന യുവാവിന്റെ ദൃശ്യങ്ങൾ വ്യക്തമാണ്. എന്നാൽ ഉദ്ദേശിച്ചതുപോലെ ഇയാൾക്ക് രക്ഷപ്പെടാനായില്ല. സംഭവം പുറത്തിറഞ്ഞതോടെ അഗ്നി രക്ഷാ സേനയും നാട്ടുകാരും സംയുക്തമായി തിരച്ചിൽ തുടങ്ങി. ഒടുവിൽ വള്ളിയിൽ പിടിച്ചു കിടക്കുന്ന നിലയിൽ സുധി മോനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരും അഗ്നി രക്ഷനേയും ചേർന്ന് യുവാവിനെ രക്ഷപ്പെടുത്തി.
Read also: ഗൂഗിൾ മാപ്പ് ഉപയോഗിക്കാൻ പാടില്ലാത്തത് എവിടെയൊക്കെ ?? മുന്നറിയിപ്പ് നൽകി കേരള പോലീസ്