കോട്ടയം: ഉത്തരവാദിത്വമുള്ള രക്ഷാകർത്താക്കൾക്കേ നന്മയുടെ ലോകം സൃഷ്ടിക്കാൻ കഴിയൂ എന്ന് സിഡ്നി മോണ്ടിസ്സോറി സ്കൂൾസ് സംഘടിപ്പിച്ച ഫ്യൂച്ചർ ക്ലേവ് ഉത്ഘാടനം ചെയ്തു കൊണ്ട് മന്ത്രി വി.എൻ.വാസവൻ അഭിപ്രായപ്പെട്ടു. മൂല്യബോധം ഒരു സംസ്കാരമായി മാറണം.
വലിയ തോതിലുള്ള ടെക്നോളജിയുടെയും പണത്തിൻ്റെയും അമിത വളർച്ച രൂപപ്പെടുത്തിയ സമൂഹത്തിലെ ചില പുഴുക്കുത്തുകളെ ഏറെ ഗവേഷണ ചിന്തയോടെ പരിഹരിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ അടുത്തയിടെ കുട്ടികളിൽ പ്രകടമായി കാണുന്ന വയലൻസ് സ്വഭാവത്തെ മുൻ നിറുത്തിയുള്ള ഒരു പോസിറ്റീവ് സംവാദം സംഘടിപ്പിച്ചത് സിഡ്നി മോണ്ടിസ്സോറി സ്കൂൾസ് ആണ്.
സാമൂഹ്യ രംഗത്തും വീടുകളിലും സംഭവിച്ച രൂപമാറ്റത്തെ പോസിറ്റീവായി മാറ്റാൻ കഴിയാതെ പോയതിനെക്കുറിച്ചാണ് മുഖ്യ സന്ദേശത്തിലൂടെ ജില്ലാ കളക്ടർ ജോൺ വി.സാമുവൽ പങ്കുവെച്ചത്. കുട്ടികൾ മാതാപിതാക്കളെ നിയന്ത്രിക്കുന്ന സാഹചര്യം സംജാതമായിരിക്കുന്നു. നിയമം അടിച്ചേല്പിക്കുന്ന ഭരണ സംവിധാനമല്ല, നിയമം സ്വഭാവികമായി സ്വീകരിച്ച് ജീവിതത്തിൽ പകർത്തുന്നതാണ് സംഭവിക്കേണ്ടതെന്ന് കളക്ടർ സൂചിപ്പിച്ചു.
ശാസ്ത്രീയമായ പേരൻ്റിംഗും കുട്ടികളുടെ സമ്പൂർണ്ണ വളർച്ചയ്ക്കുള്ള പ്രായോഗിക പാഠങ്ങൾ ഉൾക്കൊള്ളുന്ന സമൂഹവും പുനർ സൃഷ്ടിക്കപ്പെട്ടാലെ കേരളീയ സമൂഹം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ പരിഹരിക്കാനാവൂ എന്ന് പ്രബന്ധം അവതരിപ്പിച്ചു കൊണ്ട് ഡോ.വർഗീസ് പി.പുന്നൂസ് പറഞ്ഞു. കുട്ടികൾ പ്രകൃതിയെ അറിയണം. വീടറിയണം. സമൂഹത്തെ അറിയണം. വേദനയും സന്തോഷവും അറിഞ്ഞു വേണം കുട്ടികൾ വളർന്നു വരാൻ.
നിയമങ്ങളും നിയന്ത്രണങ്ങളും നിലനിന്നെങ്കിലേ ഒരു സമൂഹം മുന്നോട്ടു ചലിക്കുകയുള്ളു.ഇത് ദൃഢമായി നടപ്പിലാക്കുന്നതിൽ ഭരണകൂടങ്ങൾക്ക് പങ്കുണ്ട്. ജീവിത നിപുണത വർദ്ധിപ്പിക്കുന്ന പ്രായോഗിക പരിശീലനങ്ങൾക്ക് അക്കാദമിക് പഠനങ്ങൾക്കൊപ്പം ഏറെ ഗൗരവത്തോടെ നടപ്പിലാക്കണമെന്നും വറുഗീസ് പുന്നൂസ് അഭിപ്രായപ്പെട്ടു.
ഫ്യൂച്ചർ ക്ലേവിൽ സിഡ്നി സ്കൂൾസ് ചെയർപേഴ്സൺ ജാസ്മിൻ കെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന പാനൽ ചർച്ചകൾക്ക് ദർശന സാംസ്ക്കാരിക കേന്ദ്രം ഡയറക്ടർ ഫാ.എമിൽ പുള്ളിക്കാട്ടിൽ, ഡോ. ജേക്കബ് ജോർജ്, കേരളാ പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് സംസ്ഥാന പ്രസിഡൻ്റ് ഡോ.ചെറിയാൻ പി.കുര്യൻ, സി.എം.എസ് കോളജ് പ്രിൻസിപ്പൽ ഡോ.അഞ്ജു സോസൻ ജോർജ്, കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്സി, കോട്ടയം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിലെ അനു ജോൺ, കോസ്മിക് മാത് സ് ഡയറക്ടർ പി.ദേവരാജ്,നാർക്കോട്ടിക്ക് സെൽ സിവിൽ പോലീസ് ഓഫീസർ അമ്പിളി വി.ബി, റോട്ടറി ക്ലബ് ഓഫ് ഈസ്റ്റ് കോട്ടയം പ്രസിഡൻ്റ് വൽസലാ വേണുഗോപാൽ, സിഡ്നി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജിംഗ് ഡയറക്ടർ ജെ.ജോസഫ് ,സിഡ്നി സ്കൂൾ സ് കോർഡിനേറ്റർ ബിൻസി ബിജു എന്നിവർ നേതൃത്വം വഹിച്ചു.
ഉത്തരവാദിത്വമുള്ള രക്ഷാകർത്താക്കളുണ്ടാകണം. അദ്ധ്യാപകർ സമർപ്പിത ബുദ്ധിയോടെ പ്രവർത്തിക്കണം. വീടുകളിലും അയൽപക്ക വീടുകളിലും സമധാനാന്തരീക്ഷം സൃഷ്ടിക്കണം. സോഷ്യൽ മീഡിയായിൽ നിയന്ത്രണം ഉണ്ടാകണം. സിനിമകളിലെ വയലൻസ് നിയന്ത്രിക്കപ്പെടണം. പണത്തിനോടുള്ള ആർത്തി സംസ്കാരം കുറയണം.
നല്ല മൂല്യബോധം ജീവിതത്തിൽ പകർത്തണം. ലഹരി വസ്തുക്കളുടെ ലഭ്യത കുറയയ്ക്കണം. കൂടുതൽ നിയന്ത്രണം ലഹരി വസ്തുക്കളുടെ കാര്യത്തിലുണ്ടാകണം. പാനൽ മുന്നോട്ട് വെച്ച ഇത്തരം പ്രായോഗിക നിർദ്ദേശങ്ങൾ ക്രോഡീകരിച്ചുള്ള ഒരു ഫ്യൂച്ചർ ആക്ഷൻ പദ്ധതിക്കും ഫ്യൂച്ചർ ക്ലേവ് തുടക്കമിട്ടു.
വിദ്യാർത്ഥികളായ ആദിശങ്കറും മുഹമ്മദ് സിയായും കുട്ടികൾക്കായി നടപ്പിലാക്കാവുന്ന ക്രിയാത്മക പദ്ധതി അവതരിപ്പിച്ചു.
വേണം നമുക്കൊരു നന്മയുള്ള തലമുറ എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിക്കപ്പെട്ട ഫ്യൂച്ചർ ക്ലേവിൽ സമൂഹത്തിൻ്റെ വിവിധ തലങ്ങളിലുള്ള നിരവധി പേർ പങ്കെടുത്തു..