ഇടുക്കി കട്ടപ്പനയിൽ അഴിഞ്ഞാടി മറുനാടൻ തൊഴിലാളികൾ പുറത്തിറങ്ങാൻ പോലും ഭയന്ന് നാട്ടുകാർ
ഇടുക്കി ഹൈറേഞ്ചിലെ ഏക നഗരസഭയായ കട്ടപ്പന ഇപ്പോൾ പെരുമ്പാവൂരിനെ ഓർമിപ്പിക്കുന്ന രീതിയിൽ മറുനാടൻ തൊഴിലാളികളുടെ കൈയ്യിലാണ്.
ഞായറാഴ്ചകളിൽ നഗരം പൂർണമായും കൈയ്യടക്കുന്ന ഇവരെ ഭയന്ന് കുടുംബമായി പുറത്തിറങ്ങാൻ നാട്ടുകാർ പോലും ഭയക്കുന്ന അവസ്ഥയാണ്.
ബസ് സ്റ്റാൻഡ് പരിസരവും തെരുവുകളും പാൻമസാല തുപ്പി വൃത്തികേടാക്കുന്നത് മുതൽ ആരംഭിക്കുന്നു ഇവരുടെ പ്രവൃത്തികൾ.
ബസ് സ്റ്റാൻഡ് ടെർമിനലിൽ തടസമുണ്ടാക്കിയ ഇവരുടെ ദൃശ്യങ്ങൾ പകർത്താൻ എത്തിയ മാധ്യമ പ്രവർത്തകരെ തടഞ്ഞുവെച്ച സംഭവങ്ങളും ഉണ്ടായി.
തുടർന്ന് പോലീസെത്തിയാണ് മാധ്യമ പ്രവർത്തകരെ മോചിപ്പിച്ചത്. സമീപ പ്രദേശങ്ങളിലെ തോട്ടങ്ങളിൽ പണിക്കെത്തുന്നവരാണ് ഇവരിൽ ഏറെയും.
ജാർഖണ്ഡ്, ചത്തീസ്ഖഢ്, അസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പ്രശ്‌നക്കാരിൽ ഏറെയും. തോട്ടങ്ങളിലെ ലയങ്ങളിൽ ഇവർ തമ്മിലടിച്ച് കൊലപാതകം ഉൾപ്പെടെ ഉണ്ടായിട്ടുണ്ട്.
ഇടുക്കി കട്ടപ്പനയിൽ അഴിഞ്ഞാടി മറുനാടൻ തൊഴിലാളികൾ പുറത്തിറങ്ങാൻ പോലും ഭയന്ന് നാട്ടുകാർ
മറുനാടൻ തൊഴിലാളിയായ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ കട്ടപ്പന ഡിവൈഎസ്പിയ്ക്ക് നേരെ വാക്കത്തി വീശിയ സംഭവവും ഉണ്ടായി.
നവംബർ 30 ന് പുലർച്ചെ റോഡരികിൽ നിർത്തിയിട്ട വാഹനം മറുനാടൻ തൊഴിലാളി അടിച്ചു തകർത്തതാണ് ഒടുവിലത്തെ സംഭവം.
മറുനാടൻ തൊഴിലാളികൾ റോഡരിക് കൈയ്യേറി നടത്തുന്ന സ്ഥാപനങ്ങളും ഇവിടെ ഏറെയാണ്. പ്രതിഷേധത്തെ തുടർന്ന് അനധികൃത പുകയില വിൽപ്പന കേന്ദ്രങ്ങളിൽ ഒന്ന് നഗരസഭ ഒഴിപ്പിച്ചപ്പോൾ രണ്ടായി തിരിച്ചുവന്നു.
നഗരത്തിൽ ഒട്ടേറെ പ്രദേശങ്ങളിൽ നടപ്പാത കൈയ്യേറി നിർമിച്ച പുകയില വിൽപ്പന കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള അനധികൃത വ്യാപാര സ്ഥാപനങ്ങൾ നഗരസഭ ഒഴിപ്പിച്ചിരുന്നു.
എന്നാൽ കുന്തളംപാറ റോഡിൽ അനുമതിയില്ലാതെ ഇതര സംസ്ഥാന തൊഴിലാളികൾ നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾ ഇപ്പോഴും സജീവമാണ്. ഇതിൽ നിരോധിത പുകയില വിൽപ്പന കേന്ദ്രങ്ങളുമുണ്ട്.
വാർത്തകളെത്തുടർന്ന് നിരോധിത പുകയില വിൽപ്പന കേന്ദ്രങ്ങളിൽ ഒന്ന് ഒഴിപ്പിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ റോഡരിക് കൈയ്യേറി രണ്ട് പുകയില വിൽപ്പന കേന്ദ്രങ്ങളാണ് വീണ്ടും തുടങ്ങിയത്.
പാൻമസാല വിറ്റഴിച്ച് പിടിക്കപ്പെടുന്ന പ്രതികളെ അപ്പോൾ തന്നെ പെറ്റിയടിച്ച ശേഷം വിട്ടയയ്ക്കുകയാണ് പതിവ്. താരതമ്യേന കുറഞ്ഞ പിഴയാണ് വിവിധ വകുപ്പുകൾ ഇവർക്ക് പെറ്റിയായി നൽകുന്നത്.
പെർമിറ്റൊ മതിയായ രേഖകളോ ഇല്ലാതെ മറുനാടൻ തൊഴിലാളികളെ കടത്തുന്ന ടൂറിസ്റ്റ് ബസ് സംഘങ്ങളും ഏറെയാണ്.









