വിന്‍ഡോസ് 10 നെ കൈവിടാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്. വിന്‍ഡോസ് 10 ന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള പിന്തുണ മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുന്നതായാണ് റിപ്പോർട്ട്. 24 കോടി പേഴ്സണല്‍ കംമ്പ്യൂട്ടറുകള്‍ക്കുള്ള സാങ്കേതിക സപ്പോര്‍ട്ടാണ് ഇതോടെ അവസാനിക്കുക. മൈക്രോസോഫ്റ്റിന്റെ തീരുമാനം നടപ്പിലായാല്‍ ഏകദേശം 48 കോടി കിലോഗ്രാം ഭാരമുള്ള ഇലക്ട്രോണിക് മാലിന്യം സൃഷ്ടിക്കപ്പെടും. ഇതോടെ വലിയ രീതിയില്‍ ഇ-വേസ്റ്റ് കുന്നുകൂടാനിടയാക്കുമെന്നാണ് അനലിറ്റിക് സ്ഥാപനമായ കനാലിസ് റിസര്‍ച്ചിന്റെ വിലയിരുത്തല്‍.
2025 ഒക്ടോബറോടെ വിന്‍ഡോസ് 10നുള്ള സപ്പോര്‍ട്ട് നിര്‍ത്തലാക്കാനാണ് മൈക്രോസോഫ്റ്റിന്റെ ലക്ഷ്യം. 2028 ഒക്ടോബര്‍ വരെ വിന്‍ഡോസ് 10 ഉപകരണങ്ങള്‍ക്ക് സുരക്ഷാ അപ്‌ഡേറ്റുകള്‍ നല്‍കുമെന്നും മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. അതിന് വാര്‍ഷിക നിരക്ക് ഈടാക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. നൂതന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളെ പിസികളിലേക്ക് കൊണ്ടുവരും വിധമായിരിക്കും വരാനിരിക്കുന്ന ഒഎസ്. ഇത് മന്ദഗതിയില്‍ പോകുന്ന പിസി വിപണിയ്ക്ക് പ്രയോജനമാകുമെന്നാണ് വിലയിരുത്തല്‍.
ഒഎസ് സപ്പോര്‍ട്ട് അവസാനിച്ചാലും വര്‍ഷങ്ങളോളം പല പിസികളും ഉപയോഗിക്കാനാവുമെങ്കിലും സുരക്ഷാ അപ്ഡേറ്റുകളില്ലാത്തതിനാല്‍ ആവശ്യക്കാര്‍ കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത്. നിര്‍മിതബുദ്ധിയെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നൂതനമായ ഓപ്പറേറ്റിംഗ് സിസ്റ്റമായിരിക്കും ഇനി അവതരിപ്പിക്കുക. ഇതും നിലവിലുള്ള പി.സികളുടെ ഡിമാന്‍ഡ് കുറയ്ക്കും. പിന്തുണ പിന്‍വലിച്ചാലും ദീര്‍ഘകാലം പിന്നെയും കംപ്യൂട്ടറുകള്‍ ഉപയോഗിക്കാനാകും. എന്നാല്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാതെ വരുന്നതോടെ പ്രവര്‍ത്തനക്ഷമത കുറയും.
Read Also: പുതുവർഷത്തിൽ പുതുചരിത്രം; ഇന്ത്യയുടെ ആദിത്യ എൽ1 ജനുവരി ആറിന് ലക്ഷ്യം തൊടും