തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ വൃത്തിയാക്കാൻ ഇനി യന്ത്രവത്കൃത കഴുകൽ യൂണിറ്റും. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലാണ് സംസ്ഥാനത്തെ ആദ്യ യന്ത്രവത്കൃത ബസ് കഴുകൽ യൂണിറ്റ് പ്രവർത്തന സജ്ജമായിരിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം ഉടൻ ഉണ്ടാകും എന്നാണ് സൂചന. പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച സംവിധാനം വിജയകരമായാൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി.
വെറും മൂന്നു മിനിറ്റുകൊണ്ട് ബസിന്റെ ഇരുവശവും കഴുകിയെടുക്കാൻ പറ്റുന്നതാണ് പുതിയ സംവിധാനം. ബസിന്റെ ഇരുവശത്തേക്കും സമാന്തരമായി നീങ്ങുന്ന രണ്ടുതൂണുകളിൽ വെള്ളം ചീറ്റുന്ന നോസിലുകളും പോളിത്തീൻ ബ്രഷുകളുമുണ്ട്.
ഇരുതൂണുകളും ഓട്ടോമാറ്റിക്കായി ബസിന്റെ മുൻവശത്തുനിന്നും പിന്നിലേക്ക് വശങ്ങളിലൂടെ നീങ്ങും. രണ്ടുതവണ നീങ്ങുമ്പോൾ ബസ് പൂർണമായും വൃത്തിയാകും. വെള്ളം ജീവനക്കാർ തുടച്ചെടുക്കണം. ഇതോടൊപ്പം ഷാംമ്പൂ വാഷിങ് സംവിധാനവുമുണ്ട്. പക്ഷെ, ബസിന്റെ മുൻവശവും പിൻവശവും അകവും ജീവനക്കാർതന്നെ കഴുകണം.
സെൻട്രൽ ഡിപ്പോയിലെ ദീർഘദൂര ബസുകളാണ് ആദ്യഘട്ടത്തിൽ പുതിയ യന്ത്രസംവിധാനം ഉപയോഗിച്ച് കഴുകുക. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലാണ് പദ്ധതി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ഇവിടെ ആവശ്യത്തിന് വെള്ളം കിട്ടാത്തതുകൊണ്ട് പദ്ധതി തൊട്ടടുത്ത പാപ്പനംകോട് ഡിപ്പോയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഒന്നരവർഷത്തെ കാത്തിരിപ്പിനുശേഷമാണ് ഈ പദ്ധതി യാഥാർഥ്യമാകുന്നത്.
ഉത്തർപ്രദേശ് ആസ്ഥാനമായുള്ള കമ്പനിയുടെ മെഷീനാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഒരെണ്ണത്തിന് 15 ലക്ഷം രൂപയാണ് ചെലവ്.