2022 ഓഗസ്റ്റിലാണ് എം.ഡി.എം.എ.യുമായി ഇടുക്കി എ.ആർ.ക്യാമ്പിലെ പോലീസുകാരനായ എം.ജെ.ഷാനവാസ് എം.ഡി.എം.എ.യും കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലാകുന്നത്. പിടിയിലായ പോലീസുകരന്റെ ഇടപെടൽ മൂലം പോലീസിന്റെ കഞ്ചാവ് സംഘങ്ങളെ കുടുക്കാനുള്ള നീക്കം ഒരിക്കൽ പാളിയതായും സേനയിൽ സംസാരമുണ്ടായിരുന്നു.
ഇതേ വർഷം തന്നെ ഫെബ്രുവരി 22 ന് ഇടുക്കി വണ്ടൻമേട്ടിൽ കാമുകനൊപ്പം താമസിക്കാൻ ഭർത്താവിനെ കുടുക്കാൻസ്‌കൂട്ടറിൽ എം.ഡി.എം.എ. വെച്ച ശേഷം പോലീസിന് വിവരം നൽകിയ പഞ്ചായത്തംഗത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് പുറ്റടി അമ്പലമേട് തോട്ടാപ്പുരക്കൽ സുനിൽ വർഗീസിന്റെ ബൈക്കിൽ നിന്നും പോലീസും ഡാൻസാഫും അഞ്ചുഗ്രാം എം.ഡി.എം.എ. പിടികൂടിയിരുന്നു.
എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ. നവാസിന് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുനിലിന്റെ ഭാര്യയും വണ്ടൻമേട് പഞ്ചായത്തംഗവുമായ സൗമ്യ അബ്രഹാം ആണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. കാമുകൻ വിനോദ് രാജേന്ദ്രന് ഒപ്പം താമസിക്കാനാണ് ഭർത്താവിന്റെ വാഹനത്തിൽ മയക്കുമരുന്ന് വെച്ചത്. എന്നാൽ പോലീസ് ബുദ്ധി പ്രവർത്തിച്ചതോടെ പദ്ധതി പൊളിഞ്ഞു. തുടർന്ന് സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തു.
(പരമ്പര അവസാനിച്ചു)