തൃശ്ശൂർ: പേരാമംഗലത്ത് കാറിന്റെ ചില്ല് തകർത്ത് കവർച്ച. 7 ലക്ഷം രൂപയാണ് ഇത്തരത്തിൽ കവർന്നത്. തൃശ്ശൂരിലെ എഎസ് ട്രേഡേഴ്സ് സ്ഥാപനത്തിലെ ജീവനക്കാരൻ പേരാമംഗലം സ്വദേശി കടവി ജോർജിന്റെ വാഹനത്തിൽ നിന്നാണ് മോഷ്ടാവ് പണം കവർന്നത്. ഇന്നലെ രാത്രി കടയടച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ കടവി ജോർജ് പേരാമംഗലം പള്ളിക്ക് മുന്നിൽ ഒമ്പതരയോടെ വാഹനം നിർത്തിയിരുന്നു.
ശേഷം പേരാമംഗലം പള്ളിയിൽ പോയി തിരികെ വന്നപ്പോഴാണ് കാറിന്റെ ചില്ല് തകർത്ത നിലയിൽ കണ്ടത്, തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിലുണ്ടായിരുന്ന പണം മോഷ്ടിച്ച വിവരം അറിയുന്നത്.
എഎസ് ട്രേഡേഴ്സ് സ്ഥാപനം ഉടമ സ്ഥലത്ത് ഇല്ലാത്തതിനെ തുടർന്ന് ജീവനക്കാരൻ ജോർജ് അന്നത്തെ വരുമാനം തൻ്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. കാറിന്റെ ഇടതു വശത്തെ ചില്ല് തകർത്താണ് മോഷ്ടാവ് പണം കവർന്നത്. സംഭവത്തിൽ പേരമംഗലം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്.