തിരുവനന്തപുരം: കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഹസീനാ കെമിക്കല്‍സില്‍ തീപ്പിടിത്തം. ഇന്നലെ രാത്രി 10.30 ഓടെയാണ് അപകടം നടന്നത്. ബ്ലീച്ചിങ് പൗഡര്‍, ടോയ്‌ലറ്റ് ക്ലീനിങ് ലോഷനുകള്‍, ഹാന്‍ഡ് വാഷുകള്‍ എന്നിവയുടെ നിര്‍മ്മാണ കേന്ദ്രത്തിലാണ് തീപിടിച്ചത്.(Massive fire in Kochuveli Industrial Estate)
കെട്ടിടത്തിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാർ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. അപകടസമയത്ത് എട്ടോളം ജീവനക്കാരാണ് കമ്പനിയിൽ ഉണ്ടായിരുന്നത്. ഇവർ ഓടി രക്ഷപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. തുടർന്ന് ഫയര്‍ എസ്റ്റിന്‍ഗ്യുഷര്‍ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും തീ ആളിപടരുകയായിരുന്നു.
നിര്‍മാണസാമഗ്രികള്‍ക്കൊപ്പം ഇവ സൂക്ഷിച്ചിരുന്ന വീപ്പകള്‍ ഉള്‍പ്പെടെ കത്തിപ്പിടിച്ചതാണ് തീ കൂടുതൽ പടരാൻ കാരണമായത്. ഫൈബര്‍ ഷീറ്റിട്ട മേല്‍ക്കൂര മുഴുവനും കത്തിനശിച്ചു. ഏഴു യൂണിറ്റ് ഫയർഫോഴ്‌സ് എത്തി രാത്രി 12.30 ഓടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.