പട്ന: കടിച്ച പാമ്പിനെയും തോളിലിട്ട് ആശുപത്രിയിലെത്തി യുവാവ്. ബീഹാറിലെ ഗൽപൂരിലാണ് സംഭവം. പ്രകാശ് മണ്ഡൽ എന്ന യുവാവിനാണ് അണലി വിഭാഗത്തിൽ പെട്ട വിഷം കൂടിയ ചേനത്തണ്ടന്റെ കടിയേറ്റത്. തുടർന്ന് ഈ പാമ്പിനെയും കൊണ്ട് യുവാവ് ആശുപത്രിയിലെത്തുകയായിരുന്നു.(Man Brings Snake to Hospital After Being Bitten)
സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പാമ്പിനെ കണ്ടതോടെ ആശുപത്രിയിലെത്തിയ ജീവനക്കാരും രോഗികളും പരിഭ്രാന്തരായി. പ്രകാശിന്റെ കൈപിടിച്ച് നടത്തുന്ന ആളെയും ദൃശ്യങ്ങളിൽ കാണാം. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയതിന് പിന്നാലെ പ്രകാശ് പാമ്പിനെ പിടിച്ച് നിലത്തു കിടക്കുകയും ചെയ്തു.
പാമ്പ് കയ്യിൽ ഉള്ളതുകൊണ്ട് തന്നെ ചികിത്സിക്കാൻ കഴിയാതെ ഡോക്ടർമാരും കുഴങ്ങി. തുടർന്ന് പാമ്പിനെ പിടിച്ചിരിക്കുന്ന പ്രകാശിനെ ചികിത്സിക്കുക സാധ്യമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതോടെയാണ് ഇയാൾ പാമ്പിനെ വിട്ടത്. നിലവിൽ ചികിത്സയിൽ തുടരുകയാണ് യുവാവ്.