യുകെയിൽ വാഹനാപകടം: മലയാളി യുവാവിനു ദാരുണാന്ത്യം: മരിച്ചത് കോട്ടയം വൈക്കം സ്വദേശി
യുകെയിൽ വെള്ളിയാഴ്ച രാത്രി ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം.
യോർക്കിലെ റിപോണിൽ നടന്ന വാഹനാപകടത്തിൽ വൈക്കം സ്വദേശിയായ ആൽവിൻ സെബാസ്റ്റ്യൻ (24) ആണ് മരണപ്പെട്ടത്.
സെബാസ്റ്റ്യൻ ദേവസ്യ-ലിസി ജോസഫ് ദമ്പതികളുടെ മകനായ ആൽവിൻ സഞ്ചരിച്ച കാർ, നോർത്ത് യോർക്ഷറിൽ രാത്രി 10.30ന് സ്കാനിയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
രണ്ടു വാഹനങ്ങളും ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
എയർ ആംബുലൻസ് അടക്കമുള്ള അടിയന്തര സേവനങ്ങൾ എത്തിയെങ്കിലും ആൽവിന്റെ ജീവൻ രക്ഷിക്കാനായില്ല. കാർ പൂർണമായും തകർന്ന നിലയിൽ കണ്ടെത്തി.
24-ാം വയസ് മാത്രമുണ്ടായിരുന്ന ആൽവിന്റെ ആകസ്മിക മരണം കുടുംബത്തിനും സുഹൃത്തുക്കൾക്കും താങ്ങാനാവാത്ത വേദനയായി മാറുകയാണ്.
ആൽവിന്റെ വിയോഗം നോർത്ത് അലെർട്ടനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടമായി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി യുകെയിൽ താമസിക്കുന്ന കുടുംബത്തിലെ അംഗമാണ്.
അലിന സെബാസ്റ്റ്യന്‍, അലക്‌സ് സെബാസ്റ്റ്യന്‍ എന്നിവര്‍ സഹോദരങ്ങളാണ്. ആൽവിന്റെ ആകസ്മിക വിയോഗത്തിൽ ന്യൂസ് 4 മീഡിയ ആദരാജ്ഞലികൾ അർപ്പിക്കുന്നു.