മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേക്ക് ആൽമരം വീണു. മലപ്പുറം വണ്ടൂർ പുളിയാക്കോട് വെച്ചാണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ട് 4.30ന് ആണ് സംഭവം.
വഴിയരികിൽ നിന്നിരുന്ന മരം ബസിനു മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ബസിന്‍റെ ഒരു ഭാഗം ഏറെ കുറെ തകര്‍ന്ന നിലയിലാണ്. ബസിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ ബസ് പൊളിച്ചാണ് പുറത്തെടുത്തത്.
അപകടത്തില്‍ ഒരു യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. സീറ്റിനിടയിൽ കുടുങ്ങിയ ഇയാളെ അരമണിക്കൂറോളം പരിശ്രമിച്ചാണ് പുറത്തെടുക്കാനായത്. പൊലീസും അഗ്നിസുരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പത്തിലേറെ പേർക്ക് ആണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പെരിന്തൽമണ്ണ ഭാഗത്തുനിന്നു വഴിക്കടവിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.
റോഡരികിലെ മരം വീഴുന്നത് കണ്ട് ബസ് അരികിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് മരം മുകളിലേക്ക് പതിച്ചത്. ഇരുപതോളം യാത്രക്കാർ അപകടസമയത്ത് ബസിനകത്ത് ഉണ്ടായിരുന്നു.
ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപണം; ആദിവാസി യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു
പാലക്കാട്: ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു. അഗളി ചിറ്റൂർ കട്ടേക്കാട് ആണ് സംഭവം. ചിറ്റൂർ സ്വദേശി ഷിജു(20) ആണ് മർദനത്തിനിരയായത്.
ഈ മാസം 24ന് ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. വാഹനത്തിനു മുന്നിലേക്ക് എടുത്ത് ചാടിയെന്ന് ആരോപിച്ച് ഡ്രൈവറും ക്ലീനറും ചേർന്ന് മർദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. പരിക്കേറ്റ ഷിജു കോട്ടത്തറയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ക്ഷീരസംഘങ്ങളിൽ നിന്ന് പാൽ സംഭരിച്ച് മിൽമ ഡയറിയിലേക്ക് കൊണ്ടുപോകുന്ന പിക്കപ് വാനിനു മുന്നിലേക്കാണ് യുവാവ് വീണത്. എന്നാൽ റോഡിലൂടെ നടക്കുമ്പോൾ കല്ലിൽ തട്ടി വാഹനത്തിനു മുന്നിലേക്ക് വീണെന്നാണ് ഷിജു പറയുന്നത്.
ഇരുകൂട്ടരും തമ്മിൽ അടിപിടി നടക്കുന്നതിനിടെ ഷിജു എടുത്തെറിഞ്ഞ കല്ല് കൊണ്ട് വാഹനത്തിന്റെ ചില്ല് തകർന്നു. ഇതോടെ ഷിജുവിനെ വഴിയിലൂടെ വലിച്ചിഴച്ച് സമീപമുള്ള വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് ഡ്രൈവറും ക്ലീനറും മർദിക്കുകയും പിന്നാലെ കടന്നു കളയുകയുമായിരുന്നു.
ഇതുവഴി വന്ന പരിചയക്കാരാണ് ഷിജുവിനെ പോസ്റ്റിൽ കെട്ടിയിട്ടിരിക്കുന്നത് കണ്ടത്. പിന്നാലെ ഇയാൾ ഷിജുവിനെ ആശുപത്രിയിലെത്തിച്ചു. കയർ കെട്ടിയതിന്റെ പാടുകൾ ഉൾപ്പെടെ ഷിജുവിന്റെ ശരീരത്തിലുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ ഷിജുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. അതേസമയം, മദ്യലഹരിയിൽ വാഹനം തടഞ്ഞെന്ന് ആരോപിച്ച് ഡ്രൈവറും പൊലീസിൽ പരാതി നൽകി.