ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയപാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പുതിയ പതാകയെച്ചൊല്ലി വിവാദം കനക്കുന്നു. സ്പെയിനിന്റെ ദേശീയപതാക പകർത്തിയതാണെന്നും ഇതു സ്പെയിൻ ജനതയുടെ വികാരങ്ങളെ അവഹേളിക്കുന്നതാണെന്നും ആരോപണമുയർന്നു. ഇത് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടങ്ങൾക്കു വിരുദ്ധമാണെന്ന് ആരോപിച്ച് സാമൂഹിക പ്രവർത്തകനായ സെൽവം ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി.(Major Controversy Over TVK’s New Flag)
അതിനിടെ, കേരള സർക്കാരിന്റെ ഔദ്യോഗിക ചിഹ്നവുമായി പതാകയിലെ ആനയ്ക്ക് സാമ്യമുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രമുഖ ബ്രാൻഡായ ഫെവികോൾ, മറ്റൊരു പ്ലൈവുഡ് കമ്പനി എന്നിവയുടെ ലോഗോയുമായി സാമ്യമുണ്ടെന്നും പലരും പരിഹസിച്ചു. പതാകയിൽ ആനയെ ഉപയോഗിച്ചതിനെതിരെ ബിഎസ്പി രംഗത്തു വന്നിരുന്നു. പതാകയിലെ പുഷ്പം വാകപ്പൂവ് അല്ലെന്നും വിമർശനമുണ്ട്.
സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വിമർശനം ശക്തമായതോടെ വിഷയത്തിൽ പ്രതികരണവുമായി ടിവികെ രംഗത്തെത്തി. പതാകയിലെ ആന വിവാദത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ടാൽ പ്രതികരിക്കാൻ തയാറാണെന്നും പാർട്ടിക്ക് സ്വന്തം പതാക രൂപകൽപന ചെയ്യാനുള്ള അവകാശമുണ്ടെന്നും ഭാരവാഹികൾ പ്രതികരിച്ചു.