പതിമൂന്നുവയസ്സുകാരിയായ മകൾ വൈഗയെ പുഴയിൽ തള്ളി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് സനു മോഹന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. എറണാകുളം പോക്സ് കോടതി ജഡ്ജ് കെ.സോമനാണ് വിധി പുറപ്പെടുവിച്ചത്. ഇയാൾക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവയ്ക്കല്‍, ലഹരിക്കടിമയാക്കല്‍, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയവയാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. ഇയാൾക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. മറ്റ് വകുപ്പുകളിൽ 28 വര്‍ഷം തടവും ശിക്ഷ വിധിച്ചു. 11 മണി മുതൽ ശിക്ഷാ വിധിയിൽ വാദം കേട്ടശേഷമാണ് ഉച്ചയ്ക്ക് ശേഷം വിധി പറഞ്ഞത്. അപൂര്‍വ്വത്തിൽ അപൂര്‍വ്വമായ കുറ്റകൃത്യമാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. 70 വയസുള്ള അമ്മയെ നോക്കാൻ ആളില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും സനു മോഹൻ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി വിലക്കെടുത്തില്ല.
2021 മാര്‍ച്ച് 21നാണ് പത്തുവയസുപ്രായമുളള മകളെ മദ്യം നല്‍കി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം അച്ഛൻ പുഴയിലെറിഞ്ഞു കൊന്നത്. പിന്നീട് കടന്നുകളഞ്ഞ പ്രതിയെ ഒരു മാസത്തിന് ശേഷമാണ് കോയമ്പത്തൂരിൽ നിന്നും പിടികൂടിയത്. കൊലപാതകത്തിന് പിന്നാലെ സംസ്ഥാനം വിട്ട സനുമോഹന്‍ കോയമ്പത്തൂരിലേക്കാണ് ആദ്യം പോയത്. കുഞ്ഞിന്‍റെ ശരീരത്തില്‍ ധരിച്ചിരുന്ന ആഭരണം കൈക്കലാക്കിയായിരുന്നു യാത്ര. അത് വിറ്റ് കിട്ടുന്ന പണംകൊണ്ട് വിദേശത്തേക്ക് കടക്കുകയായിരുന്നു ലക്ഷ്യം. ബെംഗളൂരു, മുംബൈ, ഗോവ, മുരുഡേശ്വര്‍, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളില്‍ മുങ്ങി നടന്ന സനുമോഹനെ ഒരു മാസത്തോളമെടുത്താണ് അന്വേഷണ സംഘം പിടികൂടിയത്.