പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി മുതൽ കുടുംബത്തെ മൂന്ന് മാസം കുവൈത്തിൽ താമസിപ്പിക്കാം
കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബ സന്ദർശന വിസയ്ക്ക് പുതിയ മാറ്റങ്ങൾ നിലവിൽ വന്നു. പുതുക്കിയ വിസാ ചട്ടങ്ങൾ പ്രകാരം, മൾട്ടിപ്പിൾ എൻട്രി സംവിധാനവും ഉൾപ്പെടുത്തി കൂടുതൽ സൗകര്യങ്ങളോടെയാണ് പുതിയ സംവിധാനം പ്രാബല്യത്തിൽ വന്നിരിക്കുന്നത്.
ഇതുപ്രകാരം ഒരു മാസത്തേക്ക് 3 ദിനാർ, ആറുമാസത്തേക്ക് 9 ദിനാർ, ഒരു വർഷത്തേക്ക് 15 ദിനാർ എന്നിങ്ങനെയാണ് വിസാ ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ സന്ദർശകർക്ക് ആവശ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കാനാകും.
വിസയ്ക്ക് അപേക്ഷിക്കേണ്ടത് കുവൈത്ത് വിസ ഔദ്യോഗിക പോർട്ടലിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ആയിരിക്കും.
കുടുംബ സന്ദർശന വിസയ്ക്കുള്ള കാലാവധി ഒരുമാസത്തിൽ നിന്ന് ദീർഘിപ്പിച്ചിരിക്കുന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് ചേർന്ന് നടത്തിയിരുന്നു.
ഇനി മുതൽ പ്രവാസികൾക്ക് സന്ദർശന വിസയിലെത്തുന്ന കുടുംബങ്ങളെ തുടർച്ചയായി മൂന്ന് മാസം കുവൈത്തിൽ താമസിപ്പിക്കാം. ഞായറാഴ്ച്ച മുതൽ കുവൈറ്റ് വിസ പ്ലാറ്റ്ഫോമിൽ ഈ സേവനം ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
കൂടാതെ പ്രാബല്യത്തിൽ ഉണ്ടായിരുന്ന, കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് പോലുള്ള ദേശീയ വിമാനക്കമ്പനികളിലൂടെ മാത്രമേ സന്ദർശകർക്ക് കുവൈത്തിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ എന്ന നിബന്ധനയും ഇനി ബാധകമല്ല.
ആറു മാസം മുതൽ ഒരു വർഷം വരെ മൾട്ടിപ്പിൾ എൻട്രി വിസയും ഇപ്പോൾ ലഭ്യമാണ്. എന്നാൽ മൾട്ടിപ്പിൾ എൻട്രി വിസയിലുള്ളവർക്ക് കുവൈത്തിൽ ഓരോ വരവിലും പരമാവധി 30 ദിവസം മാത്രം ആണ് താമസിക്കാൻ കഴിയുക. അതിനുശേഷം രാജ്യം വിട്ട് വീണ്ടും പ്രവേശിക്കണം.
ഇവക്കുപുറം ഏത് അന്തർദേശീയ വിമാനത്തിലും യാത്ര ചെയ്യാം എന്നതാണ് പുതുതായി വരുത്തിയ സുപ്രധാന മാറ്റം. പുതിയ നിയമപ്രകാരം, വിസക്ക് അപേക്ഷിക്കുന്നവർക്ക് ആവശ്യമുള്ള മാസ ശമ്പള പരിധിയായ 400 ദിനാർ എന്ന നിബന്ധന ഇപ്പോഴും നിലവിലുണ്ട്.
Summary: Kuwait has introduced new rules for family visit visas, including the multiple entry option and improved facilities. The updated system provides more convenience for expatriates and their families.