എല്ലാ സീറ്റുകളും എല്ലാവർക്കും ബുക്ക് ചെയ്യാനാവില്ല
കോട്ടയം : എല്ലാ കെ.എസ്.ആർ.റ്റി.സി. ബസുകളിലും മുതിർന്ന പൗരൻമാർക്ക് പ്രത്യേകം സീറ്റ് സംവരണം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് .
ഇതിന് അനുസൃതമായി ഓൺലൈൻ റിസർവേഷൻ സംവിധാനത്തിൽ മാറ്റം വരുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സീറ്റ് സംവരണത്തിൽ ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി, സൂപ്പർ ഫാസ്റ്റ് തുടങ്ങിയ തരംതിരിവുകൾ പാടില്ലെന്നും ഉത്തരവിൽ പറഞ്ഞു.
ഓൺലൈൻ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള സർവീസുകളിൽ മുതിർന്ന പൗരൻമാർക്ക് സീറ്റ് സംവരണം ഏർപ്പെടുത്താൻ കഴിയില്ലെന്ന കെ.എസ്.ആർ.റ്റി.സിയുടെ വാദം കമ്മീഷൻ തള്ളി. ഇത്തരം ബസുകളിൽ പൊതുവിഭാഗം സീറ്റുകളിൽ മുതിർന്ന പൗരൻമാർക്ക് യാത്ര ചെയ്യാൻ കഴിയുമെന്ന വാദവും കമ്മീഷൻ അംഗീകരിച്ചില്ല. മുതിർന്ന പൗരൻമാർക്ക് സംരക്ഷണവും സമാധാനവും സുരക്ഷിതത്വവും നൽകേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണെന്നും ഉത്തരവിൽ പറഞ്ഞു. ഇത് ഭരണഘടനയുടെ 41-ാം അനുച്ഛേദം ഉറപ്പു നൽകുന്ന അവകാശമാണ്.
എറണാകുളം മുതൽ കോട്ടയം വരെ ഓൺലൈൻ റിസർവേഷൻ ചെയ്ത മുതിർന്ന പൗരൻമാർക്ക് റിസർവ് ചെയ്ത സീറ്റിൽ നിന്നും മറ്റൊരാൾക്കായി മാറി കൊടുക്കേണ്ടി വന്നതായി ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.കെ.എസ്.ആർ.റ്റി.സി. മാനേജിംഗ് ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സർക്കാർ ഉത്തരവ് (പി) 56/2011/ഗതാഗതം-18/10/2011 അനുസരിച്ച് ഓൺലൈൻ റിസർവേഷനില്ലാത്ത സർവ്വീസുകളിൽ മുതിർന്ന പൗരൻമാർക്ക് സീറ്റ് സംവരണം ചെയ്തിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു.
നിലവിലെ നിയമപ്രകാരം ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള സർവ്വീസുകളിൽ മുതിർന്ന പൗരൻമാർക്ക് സീറ്റ് സംവരണം ചെയ്യാൻ കഴിയില്ലെന്നും കെ.എസ്.ആർ.റ്റി.സി. അറിയിച്ചു.
സ്വീകരിച്ച നടപടികൾ കെ.എസ്.ആർ.റ്റി.സി. എം.ഡി ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. ഓൺലൈൻ റിസർവേഷൻ സംവിധാനത്തിൽ മുതിർന്നവർക്ക് സീറ്റ് സംവരണം ചെയ്യുന്നതിനായി സ്വീകരിച്ച നടപടികൾ പ്രത്യേകം പരാമർശിക്കണം. മുതിർന്ന പൗരനായ
വടവാതൂർ സ്വദേശി ജയിംസ് സമർപ്പിച്ച പരാതിയിലാണ് നടപടി
English Summary :
Kerala Human Rights Commission Judicial Member K. Baijunath has directed KSRTC to reserve special seats for senior citizens in all buses, ensuring safe and comfortable travel for the elderly.